എസ്.എൻ കോളേജ് ഫണ്ട്‌ തട്ടിപ്പ്: വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

കൊല്ലം: എസ്.എൻ കോളേജ് സുവർണജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്തു. രണ്ടര മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടത്. പിരിച്ച ഫണ്ടിൽനിന്നും വകമാറ്റിയ 55ലക്ഷം രൂപ തിരികെ എസ്.എൻ ട്രസ്റ്റിൽ അടച്ചെന്ന് വെള്ളാപ്പള്ളി നടേശൻ മൊഴിനൽകി. ഇതിന്‍റെ രേഖ കൈവശമുണ്ടെന്നും ആവർത്തിച്ചു. 

എന്നാൽ അതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തെളിവുകൾ ചോദിച്ചപ്പോൾ അടുത്ത ദിവസം നൽകാമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ചൊവ്വാഴ്ചക്കകം തെളിവുകൾ ഹാജറാക്കണമെന്ന് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. 

കേസിൽ തുടക്കം മുതൽ നിലനിൽക്കുന്ന പണം അപഹരിക്കൽ, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്നും വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രമാണ് പ്രതി.

പതിനാറു വര്‍ഷമായി നീളുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. ബുധനാഴ്ചക്കകം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും.

1997ല്‍ കൊല്ലം എസ്.എൻ കോളേജ് സുവർണ ജുബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്.എൻ. ഡി.പി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍.

Tags:    
News Summary - sn college fund-crimebranch-vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.