മാനന്തവാടി: എഫ്.സി.സി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യഗ്രഹ സമരം നടത്തുന്നു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നില്‍ ചൊവ്വാഴ്ച മുതല്‍ സത്യഗ്രഹം നടത്തും.
മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അവസാന തീര്‍പ്പ് കൽപിക്കുന്നതുവരെ സിസ്റ്റര്‍ ലൂസിക്ക് കാരക്കാമല കോൺവെന്റിൽ താമസിക്കാനും കാലങ്ങളായി സിസ്റ്റര്‍ക്കും സഹകന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരുപോലെ ഉപയോഗിക്കാനും കോടതി അനുവാദം നല്‍കിയിരുന്നു.
എന്നാല്‍, കോടതി വിധിക്കെതിരായ നിലപാടാണ് മഠം അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നത്. മഠത്തിലെ പൊതുവിടങ്ങളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുകയും അനാവശ്യമായി പലയിടങ്ങളിലും ദുരുദ്ദേശ്യത്തോടെ സി.സി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തതായി സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. അതിനാൽ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ മഠത്തില്‍ സത്യഗ്രഹ സമരം തുടങ്ങുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.