തിരുവനന്തപുരം: എസ്.ഐ.ആർ വിവരശേഖരണത്തിലെ പോരായ്മകളെക്കുറിച്ച് ഗുരുതര ചോദ്യങ്ങളുയർത്തി ‘കണ്ടെത്താനാകാത്തവരായി’ കമീഷൻ വിധിയെഴുതിയവരുടെ ബൂത്തുതല വിവരങ്ങൾ. പട്ടികയിലുള്ള പലരും നാട്ടിൽ ഉണ്ടെന്നും ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുത്താമെന്നും രാഷ്ട്രീയ പാർട്ടികൾ വെല്ലുവിളിക്കുമ്പോൾ കമീഷന് മറുപടിയില്ല. കണ്ടെത്താനായില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയവരെ ഇനി കണ്ടെത്തിയാലും പട്ടികയിൽ പേര് ചേർക്കാൻ പുതുതായി അപേക്ഷിക്കണമെന്നതാണ് മറ്റൊരു കടമ്പ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്ത 50ഉം 60ഉം വയസ്സുള്ളവർ വരെ കണ്ടെത്താനാകാത്തവരുടെ പട്ടികയിലുണ്ട്. വേണ്ടത്ര പരിശോധനകളില്ലാതെ ബി.എൽ.ഒമാർ ‘അൺ ട്രേസബിൾ’ എന്ന് കുറിച്ച കേസുകൾ നിരവധിയാണ്. അർഹരായവരെയെല്ലാം ഉൾപ്പെടുത്തുമെന്ന് കമീഷൻ ആവർത്തിക്കുമ്പോഴും എന്യൂമറേഷൻ പിഴവുകൾ അടിവരയിടും വിധമാണ് ബൂത്തുകളിലെ സ്ഥിതി.
ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗത്തിൽ ‘കണ്ടെത്താനാകാത്തവരായി’ എഴുതിത്തള്ളിയവരിൽ പലരും നാട്ടിലുണ്ടെന്ന് സ്ഥാപിച്ച് രാഷ്ട്രീയ പാർട്ടികൾ പേരുവിവരങ്ങൾ പുറത്തുവിട്ടു.എന്യൂമറേഷൻ ഡിസംബർ 18ന് അവസാനിച്ച സാഹചര്യത്തിൽ ഇനി ഇവർക്ക് പേര് ചേർക്കണമെങ്കിൽ പുതിയ അപേക്ഷ നൽകണം. പത്തിലേറെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ പുറത്താവുകയും പുതിയ അപേക്ഷ നൽകുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഫോം ആറ് നൽകി പുതുതായി ചേരാമല്ലോ എന്നാണ് കമീഷന്റെ വാദം. ഒരു ബൂത്തിൽ 40 മുതൽ 60 വരെ പേരേ കണ്ടെത്താനാകാത്തവരായി ഉണ്ടാകൂ എന്നാണ് നേരത്തെ കമീഷൻ പറഞ്ഞിരുന്നത്. എന്നാൽ ബൂത്ത് തിരിച്ചുള്ള പട്ടിക വന്നതോടെ അത് 500ന് മുകളിലാണ്.
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 138-ാം ബൂത്തിലുള്ളത് 1200 വോട്ടർമാരാണ്. അതിൽ 700-ഉം കണ്ടെത്താനാകാത്തവരാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടത്തിയെന്നത് മാത്രമല്ല, എല്ലാം പൂർത്തിയായി എന്ന് കോടതിയിൽ സ്ഥാപിക്കാൻ ധൃതിപിടിച്ചും ബി.എൽ.ഒമാരിൽ സമ്മർദം ചെലുത്തിയും ഡിജിറ്റൈസേഷൻ നടത്തിയതിന്റെ പോരായ്മയാണ് പട്ടികയിൽ പ്രകടമാകുന്നതെന്നാണ് പൊതുവിമർശനം.
കരട് പട്ടികയിൽ 2.54 കോടി പേർ
2.78 കോടി വോട്ടർമാരിൽ 2.54 കോടി പേരുടെ പേരുകളാണ് കരട് പട്ടികയിലുണ്ടാവുക. ശേഷിക്കുന്ന 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമീഷൻ വിശദീകരിക്കുന്നത്. ഇതിൽ 6.49 ലക്ഷം പേർ മരിച്ചവരാണ്. 6.45 ലക്ഷം പേരെ കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. 8.16 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരാണ്. ഇരട്ടിപ്പായി ഇടംപിടിച്ചവർ 1.36 ലക്ഷം. അപേക്ഷ വാങ്ങാനോ പൂരിപ്പിച്ചു നൽകാനോ സന്നദ്ധമല്ലെന്ന് അറിയിച്ചവർ 1.6 ലക്ഷമുണ്ട്. എന്നാൽ, ഈ കണക്കുകൾ അവിശ്വസനീയമെന്ന് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.