തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം കമീഷൻ വിശദീകരിക്കുമ്പോൾ പൂരിപിച്ച് തിരികെ കിട്ടിയ ഫോമുകളടെ എണ്ണം എത്രയെന്ന ചോദ്യത്തിന് ഉത്തരമില്ല. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടു. ഫോം വിതരണം ചെയ്ത കണക്ക് കമീഷൻ എല്ലാ ദിവസവും നൽകുന്നുണ്ട്. വിതരണം 85 ശതമാനം പിന്നിട്ടുവെന്നും വിശദീകരിക്കുന്നു. എന്നാൽ പൂരിപ്പിച്ച് തിരികെ കിട്ടിയവയുടെ കണക്ക് ഇതുവരെ പറയുന്നില്ല. ഫോം പൂരിപ്പിക്കൽ അത്ര എളുപ്പവുമല്ല. 2002ലെ പട്ടിക കണ്ടെത്തി അതിൽ പേരുണ്ടോയെന്ന് തെരയൽ ശ്രമകരമാണ്. ബി.എൽ.ഒമാരോട് ചോദിച്ചൽ വെബ്സൈറ്റിൽ പട്ടികയുണ്ടെന്ന് പറയുന്നു. വെബ്സൈറ്റ് സന്ദർശിച്ച് പട്ടിക കണ്ടെത്തി വിവരങ്ങൾ ഫോമിലേക്ക് രേഖപ്പെടുത്താൽ എല്ലാ വോട്ടർമാർക്കും കഴിയണമെന്നില്ല.
ഫോം പൂരിപ്പിക്കുന്നതിന് ബി.എൽ.മാരുടെ സേവനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഫോം നൽകി അവർ പോവുകയാണ്. സംശയങ്ങൾ ചോദിച്ചാൽ കൃത്യമായി ഉത്തരം നൽകാൻ പല ബി.എൽ.എമാർക്കും കഴിയുന്നില്ല. പരിശീലനം കിട്ടാത്തതാവാം ഇതിന് കാരണമെന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കുറ്റപ്പെടുത്തി.
അതേസമയം, ഫോമുകൾ വിതരണം ചെയ്യാതെ വിതരണം പൂർത്തിയാക്കിയായി അപ്ലോഡ് ചെയ്യാൻ ബിഎൽ.ഒമാർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു. തെറ്റായ പ്രചാരണമാണിത്. ഫോം വിതരണം ചെയ്തശേഷമേ അപ്ഡേഷൻ നൽകാവൂവെന്ന് ബി.എൽ.ഒമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിൽപോലും ബി.എൽ.ഒമാർ ഗൃഹസന്ദർശനം നടത്തി തിരിച്ചെത്തിയ ശേഷമാണ് അപ്ഡേഷൻ നടത്തുന്നത്. ഫോം വിതരണം സംബന്ധിച്ച പരാതിയെത്തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ ഡപ്യൂട്ടി കലക്ടർമാരുടേയും ഇലക്ടർ രജിസ്ട്രേഷൻ ഓഫീസർമാരുടേയും യോഗം ഓൺലൈനായി വിളിച്ചുചേർത്തു. ഫോം വിതരണം ചെയ്ത ശേഷം മാത്രമേ അപ്ഡേറ്റ് ചെയ്യാവൂവെന്ന മുൻ നിർദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.