തിരുവനന്തപുരം: കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോർഡ് പുനഃ സംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനസംഘടന.
മുസ്‌ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളുടേത് ഉടനെ നികത്തുമെന്നും വിജഞാപനത്തിലുണ്ട്. നിലവിലുണ്ടായിരുന്ന വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ സക്കീറിനെ തന്നെയാണ് വീണ്ടും ചെയർമാനാക്കിയത്. സമസ്ത വിഭാഗത്തിൽ നിന്നും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമർ ഫൈസിയും ബോർഡിലുണ്ട്.
വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങൾ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയിൽ ആശയക്കുഴപ്പലായിരുന്നു സർക്കാർ.
അമുസ്‍ലിംകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുത്തുമെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്.
കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുന്നത് പേരുദോഷം ഉണ്ടാക്കുമെന്ന് ഭയമുള്ളതിനാലാണ് നിലവിലെ ബോർഡിന്റെ കാലാവധി ഒരു വർഷംമുമ്പ് കഴിഞ്ഞിട്ടും പുനഃസംഘടന സർക്കാർ നീട്ടിവെച്ചത്.
കേരള വഖഫ് സംരക്ഷണ വേദി നൽകിയ പൊതുതാൽപര്യ ഹരജിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം ബോർഡ് പുനഃസംഘടന പൂർത്തിയാക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ജനുവരി 20ന് സർക്കാറിന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.