തിരുവനന്തപുരം: പത്ത് വർഷത്തെ ഇടതുഭരണത്തിന് ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് വെള്ളിയാഴ്ച കാസർകോട്ട് തുടക്കമാകും. കേരളത്തിന്റെ ഭാവിയെക്കുറിച്ച കാഴ്ചപ്പാടും ഭരണപരമായ ബദലുകളും മുന്നോട്ടുവെക്കുന്ന യാത്രക്കാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി മാർച്ച് ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. രാഹുൽ ഗാന്ധി സമാപനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണ് വിവരം.
ജാഥയുടെ തുടക്കത്തിൽ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. ജാഥ അവസാനിക്കും മുമ്പ് തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ജില്ലയിലെയും ജനകീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുംവിധമാണ് ജാഥയുടെ ക്രമീകരണം. ‘പൗര പ്രമുഖർ’ എന്ന പരിഗണനക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തും. ഒമ്പതര വർഷത്തെ ഭരണത്തിൽ വിവിധ മേഖലകളിലുണ്ടായ പരാജയങ്ങൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ജനകീയ വിചാരണയായി അവതരിപ്പിക്കും. സർക്കാരിനെതിരായ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ജനകീയ വികാരമാക്കി മാറ്റുകയാണ് ജാഥയിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കളുടെ പങ്കാളിത്തം ഉറപ്പറുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.