തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ എന്യൂമറേഷൻ ഫോം വിതരണവുമായി ബന്ധപ്പെട്ട് വിവാദം. ഫോം വിതരണം പൂർത്തിയായിട്ടില്ലെങ്കിലും പൂർത്തിയായെന്ന് ബി.എൽ.ഒമാർ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശമാണ് വിവാദമായത്. ശനിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർന്ന രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഫോം പിന്നീട് വിതരണം ചെയ്താൽ മതിയെന്നും വിതരണം നടത്തിയതായി രേഖപ്പെടുത്തണമെന്നും ജില്ലാതലത്തിലാണ് ബി.എൽ.ഒമാർക്ക് നിർദേശം ലഭിച്ചത്. എന്നാൽ ഇങ്ങനെ നിർദേശം നൽകിയെന്ന പരാതി രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ഉന്നയിച്ചത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ നിഷേധിക്കുകയായിരുന്നു.
ഫോം വിതരണം ചെയ്തശേഷം അക്കാര്യം അപ്ഡേറ്റ് ചെയ്താൽ മതിയെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട സി.പി.എം നേതാവ് എം.വി. ജയരാജൻ ഫോം വിതരണത്തിലെ കണക്കുകൾ പെരുപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. 48 ശതമാനത്തിലേറെ ഫോം നേമം നിയമസഭ മണ്ഡലത്തിൽ നൽകാനുണ്ട്. 30 ശതമാനത്തിലധകം ഫോം വിതരണം ചെയ്യാൻ ബാക്കിയുള്ള 16 നിയമസഭ മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്ത് ഇനി 15ശതമാനം എന്യൂമറേഷൻ ഫോം വിതരണമേ ബാക്കിയുള്ളൂവെന്നാണ് കമീഷന്റെ കണക്ക്. 68 മണ്ഡലങ്ങളിൽ സംസ്ഥാന ശരാശരിയേക്കൾ പകുതിയോളം വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്ന കണക്കാണ് ജയരാജൻ പറഞ്ഞത്.
അതേസമയം, എസ്.ഐ.ആർ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിൽ എന്യൂമറേഷൻ ഫോം വിതരണത്തിൽ കേരളം പിന്നിലാണെന്ന് ശനിയാഴ്ച വൈകീട്ട് ആറുവരെയുള്ള ഔദ്യാഗിക കണക്ക് വ്യക്തമാക്കുന്നു. കേരളത്തിൽ 90.42 ശതമാനം ഫോമുകളുടെ വിതരണമാണ് പൂർത്തിയത് (2, 51,82,253 എണ്ണം) ഗോവ-100 ശതമാനം, ലക്ഷദ്വീപ്- 100 ശതമാനം, ആൻഡമാൻ നിക്കോബാർ- 99.63 ശതമാനം, ഗുജറാത്ത്-98.58 ശതമാനം, മധ്യപ്രദേശ്- 98.38 ശതമാനം, പുതുച്ചേരി-93.88 ശതമാനം, രാജസ്ഥാൻ- 97.32 ശതമാനം, തമിഴ്നാട്- 92.04 ശതമാനം, ഉത്തർ പ്രദേശ്- 94.37 ശതമാനം, പശ്ചിമ ബംഗാൾ-98.08 ശതമാനം എന്നിങ്ങനെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.