തിരുവനന്തപുരം: എസ്.ഐ.ആർ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമീഷന്റെ വിലയിരുത്തൽ. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലത്തിൽ 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക. കണ്ടെത്താനാകാത്ത 24 ലക്ഷം പേരുടെ പട്ടിക അനുബന്ധമായുണ്ടാകും.
കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6 ഉം നൽകി എസ്.ഐ.ആറിന്‍റെ ഭാഗമാകാനും അവസരമുണ്ട്. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക് ഇ.ആർ.ഒമാർ നോട്ടീസ് നൽകും.
2002ലെ പട്ടികയിലുള്ളവരോ അല്ലെങ്കിൽ 2002ലെ പട്ടികയിൽ രക്ഷിതാക്കളോ അവരുടെ മാതാപിതാക്കളോ ഉൾപ്പെട്ടവരോ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടി വരില്ല. അല്ലാത്തവർ രേഖകൾ നൽകേണ്ടി വരും. നിയോജക മണ്ഡലങ്ങളിലെ ഇ.ആർ.ഒമാരാണ് നോട്ടീസ് നൽകി ഹിയറിങ് നടത്തുക.
കരട് പട്ടികയിലുള്ളയാളെ ഹിയറിങ്ങിന് ശേഷം ഇ.ആർ.ഒ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന പക്ഷം 15 ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർക്ക് അപ്പീൽ നൽകാം. കലക്ടറുടെ തീരുമാനത്തിലും അതൃപ്തിയുള്ള പക്ഷം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. ഇ.ആർ.ഒയുടെ തീരുമാനം വന്ന് 30 ദിവസത്തിനകമായിരിക്കണം രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
തിരുവനന്തപുരം: എസ്.ഐ.ആറിൽ വ്യാപക നോട്ടീസ് വിതരണത്തിന് കളമൊരുങ്ങുന്നുവെന്ന സൂചന നൽകി ബി.എൽ.ഒമാരുടെ ഡ്യൂട്ടി ജനുവരി 22 വരെ നീട്ടി. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെയേ ബി.എൽ.ഒമാർക്ക് ഡ്യൂട്ടിയുണ്ടാകൂവെന്നും ശേഷം അതത് ഓഫിസുകളിലേക്ക് മടങ്ങാമെന്നുമായിരുന്നു നേരത്തെയുള്ള നിർദേശം. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന സമയം വരെയാണ് ഡ്യൂട്ടി നീട്ടിയത്.
പുതിയ ഉത്തരവ് പ്രകാരം ബി.എൽ.ഒമാരുടെ ഇനിയുള്ള പ്രധാന ജോലി നോട്ടീസ് വിതരണമാണ്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ നൽകുന്ന നോട്ടീസുകൾ ബി.എൽ.ഒമാർ ശേഖരിച്ച് വോട്ടർമാർക്ക് നൽകണം. നോട്ടീസിന്‍റെ രണ്ടാമത്തെ പകർപ്പിൽ ഒപ്പിട്ട് വാങ്ങി ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും ഹാർഡ് കോപ്പി സൂക്ഷിക്കുകയും വേണം. പരാതി പരിഹാരത്തിനായുള്ള ഹിയറിങ് സമയത്ത് ബി.എൽ.ഒമാരുടെ സാന്നിധ്യവും നിർബന്ധമാക്കിയിട്ടുണ്ട്.
എന്യൂമറേഷൻ ഫോമിലെ പൊരുത്തക്കേടുകളും മാപ്പിങ് നടക്കാത്ത കേസുകളും പുനഃപരിശോധിക്കലാണ് രണ്ടാമത്തെ ദൗത്യം. ഫോം പൂരിപ്പിച്ചതിലെ ക്ലറിക്കൽ പിശകുകൾ, പൊരുത്തക്കേടുകൾ എന്നിവ പരിശോധിക്കുകയും ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വോട്ടർമാരിൽ നിന്നും ആവശ്യമായ രേഖകൾ ശേഖരിച്ച് ബി.എൽ.ഒ ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും വേണം.
പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന ഘട്ടത്തിൽ വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തൽ എന്നിവക്കുള്ള അപേക്ഷകളിൽ കൃത്യസമയത്ത് ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കലും ബി.എൽ.ഒമാരുടെ ചുമതലയാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് എസ്.ഐ.ആറിന്‍റെ രണ്ടാം ഘട്ടത്തിലും ബി.എൽ.ഒമാർ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ഡ്യൂട്ടി നീട്ടിയത്. പരമാവധി നോട്ടീസുകളില്ലാതെ എസ്.ഐ.ആർ പ്രവർത്തനം പൂർത്തീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ആവർത്തിച്ചിരുന്നെങ്കിലും സാഹചര്യം മാറുന്നുവെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.