കൊച്ചി: കുവൈത്തിൽനിന്നെത്തിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന് ഹൈകോടതി. നാടുകടത്തപ്പെട്ട് ഒക്ടോബർ അഞ്ചിന് നെടുമ്പാശ്ശേരിയിൽ എത്തിയത് മുതൽ കളമശ്ശേരിയിൽ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവങ്ങൾ വിശദമായി അന്വേഷിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം എന്താണെന്ന് ഉറപ്പാക്കാനായിട്ടില്ലെന്ന് അറിയിച്ചതടക്കം കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. ഇടക്കാല പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് നെടുമ്പാശ്ശേരി എസ്.എച്ച്.ഒ ഹാജരാക്കിയത്. അന്വേഷണത്തിന് പൊലീസ് കമീഷണറോ അതല്ലെങ്കിൽ തുല്യനിലയിലുള്ള ഉദ്യോഗസ്ഥനോ നേതൃത്വം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
മകൻ സാന്റൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി പരിഗണിച്ചത്. കൊലപാതക സാധ്യതയടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കളമശ്ശേരിയിലെ കുറ്റിക്കാട്ടിലെ വെള്ളക്കെട്ടിലാണ് നവംബർ 30ന് മൃതദേഹം കണ്ടെത്തിയത്. വിഷയം മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.