തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാനും സംശയ നിവാരണത്തിനും പ്രത്യേക കാൾ സെന്റർ ആരംഭിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും ആശയ വിനിമയത്തിന് ഇ-മെയിൽ ഐ.ഡി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴി ഫോം പൂരിപ്പിച്ച് നൽകാം. ഓൺലൈനായും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച് വിഡിയോ തയാറാക്കും. പ്രവാസി സംഘടനകളുമായി സഹകരിച്ച് ബോധവത്കരണത്തിനും കമീഷൻ തയാറാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രത്യേകം യോഗം വിളിച്ചുചേർക്കാൻ നോർക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2002ൽ തമിഴ്നാട്ടിലെ പട്ടികയിൽ ഉൾപ്പെട്ടവരും ഇപ്പോൾ കേരളത്തിലെ പട്ടികയിലുള്ളവരുമായവർക്ക് തമിഴ്നാട് പട്ടികയിലെ വോട്ടർ വിവരങ്ങൾ അടിസ്ഥാനമാക്കി പേര് ചേർക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആർ പ്രവർത്തനങ്ങളും തടസ്സം വരാതെ കൃത്യമായ നിർവഹിക്കാനാകുമെന്ന് കലക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. കലക്ടർമാരുടെ യോഗത്തിൽ ആരും ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. ബി.എൽ.ഒമാരുടെ വിന്യാസമടക്കം ഇവരുടെ ചുമതലയാണ്. തദ്ദേശ തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരെ ബി.എൽ.ഒ പട്ടികയിൽനിന്ന് ഒഴിവാക്കി പകരം ആളുകളെ നിയമിക്കുന്നതും അതാത് കലക്ടർമാരാണ്. സംസ്ഥാനത്ത് 35 ലക്ഷം പേർക്ക് ഇതിനകം എന്യൂമറേഷൻ ഫോം വിതരണം ചെയ്യാൻ കഴിഞ്ഞു. ഇതിൽ പകുതിയോളം പേർ ഫോം പൂരിപ്പിച്ച് തിരികെ നൽകി. പ്രയാസം വരാത്ത രീതിയിലാണ് ഫോം തയാറാക്കിയിരിക്കുന്നത്. വ്യക്തത വേണമെങ്കിൽ വിഡിയോ തയാറാക്കി പ്രസിദ്ധീകരിക്കും.
ഏതെങ്കിലും സാഹചര്യത്തിൽ എന്യൂമറേഷൻ ഫോം സമർപ്പിക്കാനാകാതെ കരട് പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്തവർക്ക് ഡിസംബർ ഒമ്പതിന് ശേഷം ഫോം ആറ് നൽകി പട്ടികയിൽ ചേർക്കാനായി അപേക്ഷിക്കാം. പട്ടികയിൽ ഉൾപ്പെടാതെ പോയ പ്രവാസികൾക്ക് ഈ ഘട്ടത്തിൽ ഫോം ആറ് എയും സമർപ്പിക്കാം. കാസർകോട്, മഞ്ചേശ്വരം, പീരുമേട്, ദേവികുളം എന്നിവിടങ്ങളിലെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണും. നിലവിലെ ഫോം മലയാളത്തിലാണെങ്കിലും മലയാളം അറിയാത്തവർക്ക് കന്നഡയിലോ തമിഴിലോ ഫോം പൂരിപ്പിക്കാം. ഈ വിഭാഗങ്ങളെ സഹായിക്കാൻ സ്കൂൾ അധ്യാപകർ, വളണ്ടിയർമാർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. എം. വിജയകുമാർ (സി.പി.എം), എം.കെ. റഹ്മാൻ (കോൺഗ്രസ്), സത്യൻ മൊകേരി (സി.പി.ഐ), സി.പി. ചെറിയമുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ (മുസ്ലിംലീഗ്), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), ആനന്ദകുമാർ (കേരള കോൺഗ്രസ് -എം), ജയകുമാർ (ആർ.എസ്.പി), ജെ.ആർ. പത്മകുമാർ (ബി.ജെ.പി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.