സംസ്ഥാനത്ത് എസ്.ഐ.ആറിന് തുടക്കം; ആദ്യ ദിനം 2.07 ലക്ഷം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ഭാഗമായി വീടുകളിലെത്തിയുള്ള എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു. ആദ്യ ദിനം 2.07 ലക്ഷം ഫോമുകളാണ് വിതരണം ചെയ്തത്. 25,000 ത്തോളം ബി.എൽ.ഒമാരാണ് ഈ ചുമതല നിർവഹിക്കുന്നത്.

വീടുകളിലെത്തി കുടുംബാംഗങ്ങളുടെയെല്ലാം ഫോം നൽകലാണ് ഇപ്പോൾ നടക്കുന്നത്. പൂരിപ്പിച്ച അപേക്ഷ മറ്റൊരു ദിവസമെത്തി ശേഖരിക്കും. വാങ്ങാനെത്തുന്ന ദിവസവും വീട്ടുകാരെ അറിയിച്ചാണ് ബി.എൽ.ഒമാർ മടങ്ങുന്നത്. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ എന്യൂമറേഷൻ ഫോമിൽ 2002 ലെ വിവരങ്ങൾ പൂരിപ്പിക്കണം. അപേക്ഷകരെ സഹായിക്കാൻ ഈ പട്ടികയിലെ അപേക്ഷകന്‍റെ ക്രമനമ്പർ, ബൂത്ത് നമ്പർ അടക്കം വിശദാംശങ്ങൾ കൂടി ബി.എൽ.ഒമാർ നൽകുന്നുണ്ട്.

‘ബി.എൽ.ഒ ആപ്’ വഴിയാണ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ. ഫോം വിതരണം ചെയ്ത വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യണം. സംസ്ഥാനത്ത് ഓരോ ദിവസവും എത്ര പേർക്ക് ഫോം നൽകി എന്ന വിവരം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് തൽസമയം അറിയാം. ഫോം തിരികെ വാങ്ങുന്നതും ആപ്പിൽ ചേർക്കും. വോട്ടർ വിവരങ്ങൾ ‘മാപ്പിങ്’ നടത്താനുള്ള സൗകര്യവും ആപ്പിലുണ്ട്. വോട്ടറുടെ വിവരങ്ങൾ ഓൺലൈനായി സ്ഥിരീകരിച്ച് കരട് പട്ടികയിൽ ഉറപ്പുവരുത്തുന്ന പ്രവർത്തനമാണ് മാപ്പിങ്.

ഒരു ബി.എൽ.ഒക്ക് കീഴിൽ ശരാശരി 1,200 വോട്ടർമാരാണുള്ളത്. ഇത്രയും പേർക്കുള്ള ഫോമും അതാത് ബി.എൽ.ഒമാരുടെ കൈവശമെത്തിക്കും. വിതരണം ചെയ്യാത്ത ഫോമുകളുണ്ടെങ്കിൽ അതിന്‍റെ കാരണം ബി.എൽ.ഒമാർ ആപ്പിൽ രേഖപ്പെടുത്തണം. മരണപ്പെട്ടവർ, സ്ഥലത്തില്ലാത്തവർ എന്നിവരുടെ കാര്യത്തിലാണ് ഈ നടപടി വേണ്ടി വരിക.

സംസ്ഥാനത്ത് ആദ്യ ദിവസം സാഹിത്യകാരന്മാർ, സിനിമ നടന്മാർ തുടങ്ങി പ്രമുഖരുടെ വീടുകളിലെത്തി ബി.എൽ.ഒമാർ എന്യൂമറേഷൻ ഫോം കൈമാറി. തലസ്ഥാനത്ത് നടൻ മധു എസ്.ഐ.ആർ ദൗത്യത്തിൽ പങ്കാളിയായി. ഡിസംബർ നാലുവരെ നീളുന്ന എന്യൂമറേഷൻ ഘട്ടത്തിൽ 2025 ഒക്ടോബർ 27 വരെ വോട്ടർ പട്ടികയിലുള്ള 2.78 കോടി പേർക്കും ഫോം വിതരണം ചെയ്ത് വിവരശേഖരണം നടത്തും. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും കൈമാറും.

എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർ പരിശോധനയും. ഡിസംബർ ഒമ്പതിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. അന്നുമുതൽ ജനുവരി എട്ടു വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ ഹിയറിങ് രേഖകളുടെ പരിശോധന നടക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

എസ്.ഐ.ആർ അനിവാര്യം -ബി.ജെ.പി

തിരുവനന്തപുരം: എസ്.ഐ.ആർ കേരളത്തിൽ അനിവാര്യമെന്നും സംസ്ഥാന ജനസംഖ്യയെക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തെന്ന വിവരം നടുക്കുന്നതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ആധാറിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായി അനർഹർ കടന്നുകൂടി.

ആധാർ കാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വലിയ വ്യത്യാസമാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - SIR begins in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.