കാന്തപുരത്തിനെതിരായ പൊതുവിചാരണയും വംശീയ അധിക്ഷേപവും എതിർക്കപ്പെടണം: എസ്.ഐ.ഒ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടക്കുന്നത് വിഷയത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയുള്ള ഏകപക്ഷീയമായ പൊതുവിചാരണയാണെന്നും, ഇതിനു പിന്നിലെ വംശീയ അധിക്ഷേപം ചെറുത്തുതോൽപ്പിക്കണമെന്നും സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്. കാന്തപുരത്തിന്റെ കോലം കത്തിക്കുന്നത് വരെയെത്തിയ സംഘപരിവാർ അജണ്ടകളും, ചാനൽ ചർച്ചകളിലൂടെ മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പ് പടർത്താനുള്ള ശ്രമങ്ങളും ലക്ഷ്യമിടുന്നത് സമുദായത്തെ അപകീർത്തിപ്പെടുത്തലാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ സമുദായത്തിനകത്ത് കാലങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ സ്ത്രീപക്ഷ താല്പര്യങ്ങളോടെയല്ല, മറിച്ച് മുസ്‌ലിംകൾക്കെതിരെ വംശീയതയും വെറുപ്പും പടർത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിക അടയാളങ്ങൾ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ പ്രാകൃതരായി ചിത്രീകരിക്കാനാണ് ഇത്തരം ലിബറൽ-വലതുപക്ഷ ശക്തികൾ നിരന്തരം ശ്രമിക്കുന്നത്. കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലടക്കം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീപക്ഷ നിലപാടുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ജുഡീഷ്യറിയിലെ വനിതാ ജഡ്ജിമാർ പോലും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് നടത്തിയ വെളിപ്പെടുത്തലുകൾ എന്തുകൊണ്ട് ഇവിടെ പൊതുചർച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭരണകൂട ഭീകരതകൾക്കെതിരെ പ്രതികരിക്കാതെ, ഒരു മുസ്‌ലിം പണ്ഡിതന്റെ വാക്കുകളെ വളച്ചൊടിച്ച് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് ലിബറലുകളും സംഘപരിവാറും ഒരുപോലെ ശ്രമിക്കുന്നത്. ലിബറൽ നിർവചനങ്ങൾക്ക് വിധേയപ്പെടുന്നവരെ മാത്രം പുരോഗമനവാദികളായി കാണുന്ന കപട മതേതര യുക്തികളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അഡ്വ. അബ്ദുൽ വാഹിദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - SIO Kerala Condemns Public Trial and Targeting of Kanthapuram Over Women's Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.