എ.എൻ. ഷംസീർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല; കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് എ.എൻ. ഷംസീർ

തലശ്ശേരി: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ. കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഷംസീർ, ഇന്ത്യയിലിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്നും വിമർശിച്ചു.

സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കൊളശ്ശേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷംസീർ.

‘കാന്തപുരത്തിന്റെ പ്രസ്താവനയെ ഞങ്ങളാരും പിന്തുണക്കുന്നില്ല. അദ്ദേഹം ലോകം അറിയപ്പെടുന്ന പണ്ഡിതനാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അദ്ദേഹം നടത്തിയ പ്രസ്താവന ഇന്ത്യയിൽ ഇന്ന് നടത്താൻ പറ്റിയ പ്രസ്താവനയല്ല. ഇന്നത്തെ ലോകപശ്ചാത്തലത്തിൽ നടത്തേണ്ടിയിരുന്ന പ്രസ്താവനയായിരുന്നില്ല അദ്ദേഹം നടത്തിയത്. സ്ത്രീകൾ മുഖ്യധാരയിൽ ഇറങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. ആണും പെണ്ണും തുല്യരാണ്. അത് ഇസ്‍ലാം അംഗീകരിക്കുന്നതുമാണ്. എന്നാൽ, കാന്തപുരത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ന്യായീകരിക്കാനാകുന്നതല്ല. ഏത് വിശ്വാസിയും ആ രാജ്യത്തെ നിയമവ്യവസ്ഥ പാലിക്കാൻ തയാറാകണമെന്നാണ് ഇസ്‍ലാമും പ്രവാചകനും പറഞ്ഞിരിക്കുന്നത്. ഇവിടുത്തെ ഭരണഘടന അംഗീകരിക്കാൻ ഗ്രാൻഡ് മുഫ്തി കാന്തപുരവും തയാറാകണം’ -ഷംസീർ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാകണമെന്ന് മാത്രമേ തങ്ങൾ പറയുന്നുള്ളൂ. ആര് ഇത്തരത്തിൽ പ്രസ്താവന നടത്തിയാലും സി.പി.എം അതിനെതിരെ രംഗത്തുവരുമെന്നും ഷംസീർ വ്യക്തമാക്കി.

രണ്ടുദിവസം മുമ്പ്, ‘മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെ’ന്ന് ഷംസീർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

അതേസമയം, വിമർ​ശനത്തിനു പിന്നാലെ, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കണമെന്നും പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ലെന്നും കാന്തപുരം ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇടപെടാവൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.