വെള്ളാപ്പള്ളിയുടെ വീട് ഇടിച്ചുകളയണമെന്ന് ഹിമവൽ ഭദ്രാനന്ദ സ്വാമി; ‘മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല’
കൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി. ജെ.സി.ബി കൊണ്ട് ഇടിച്ചു കളയണമെന്നും മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ലെന്നും പൊതുചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് വെള്ളാപ്പള്ളി. തന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ജയിലിൽ പോയതെന്നും ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തി.
‘ശ്രീലങ്കയിലെ പ്രസിഡന്റിനെ അടിച്ചോടിച്ചത് പോലെ ഒരുപതിനായിരം പേർ ഒത്തുകൂടി അവന്റെ വീട്ടിലേക്ക് മാർച്ച് നടത്തണം. ജെസിബി കൊണ്ട് ഇടിച്ചു കളഞ്ഞാൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല. കാരണം മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല. ഇവനെ അടിച്ചു കളയും നമ്മൾ. ഗോകുലം ഗോപാലന്റെ ദേഹത്ത് ഒരു ഉണ്ട പോയിട്ട് ഒരു രോമം പോലും അടിക്കാനാവില്ല. അവൻ ആരാണെന്നാണ് വിചാരിക്കുന്നത്? ഇത്രയും പറഞ്ഞില്ലെങ്കിൽ ആണായിട്ട് ജനിച്ചിട്ട് കാര്യമില്ല’
‘ഇവൻ (തുഷാർ വെള്ളാപ്പള്ളി) ഗൗരി ലങ്കേഷനെയും കൽബുർഗിയെയും പറ്റി ഗോവിന്ദ് പൻസാരയെയും കുറിച്ച് പഠിക്കണം. നാല് പേര് പോയിന്റ് ബ്ലാങ്കിൽ വെടികൊണ്ട് മരിച്ച കഥ ഓർത്തു വെച്ചോളൂ എന്ന് ഇവന്റെ ഒരു ശിങ്കിടി എന്നോട് ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ തുഷാറിന് അറിയില്ല, മനോഹർ യാദവ് എന്ന എന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിന്റെ പേരിൽ അകത്തുപോയ ആൾ. ആ ആൾ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ മാത്രം 18 കോടി രൂപയാണ് കർണാടക സർക്കാർ ചെലവാക്കിയത്. ഇവനാണോ നമ്മളെ വെല്ലുവിളിക്കുന്നത്?
എനിക്ക് അധർമ്മം വേണ്ട. ഗോകുലം ഗോപാലേട്ടൻ എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യമാണ് എനിക്ക് വെള്ളാപ്പള്ളിയെ അടിച്ച് തോൽപ്പിക്കണം എന്ന്. ഞാൻ പറഞ്ഞു, ഈ ഊളയുമായിട്ട് അടിക്കണോ ചേട്ടാ? നിങ്ങൾ വെറുതെ കക്കൂസ് പൊളിച്ച് കേസ് ഉണ്ടാക്കല്ലേ. അവനെ അവന്റെ പാട്ടിന് വിട്. എന്നിട്ട് ചേട്ടന്റെ ഔദാര്യമാണ് ഇന്ന് ഈ കാണുന്ന വെള്ളാപ്പള്ളി എന്ന് പറയൂ. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് അയാൾ. നിങ്ങൾ വിചാരിക്കും ഈ വസ്ത്രം ഇട്ടിട്ട് ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ എന്ന്. ക്രൂരനെ ക്രൂരത കൊണ്ടേ നേരിടാൻ പറ്റുള്ളൂ.
ഇവൻ (തുഷാർ) പറഞ്ഞു ഞാൻ ഗോകുലത്തിന്റെ ശമ്പളക്കാരനാണെന്ന്. ഗോകുലത്തിന്റെ ഏത് സ്ഥാപനത്തിലാണ് ഞാൻ വർക്ക് ചെയ്യുന്നത്? ഗോകുലത്തിന്റെ ശമ്പളക്കാരനല്ല. ഗോപാലേട്ടന്റെ ഒരു രൂപ മേടിച്ചിട്ടുണ്ടെങ്കിലും അത് പുണ്യമായിട്ട് ഞാൻ കാണും. കാരണം അദ്ദേഹം ഇവനെ പോലെ ആളെ പറ്റിച്ചും കൊന്നും കൊലവിളിച്ചും ഉണ്ടാക്കിയതല്ല. ധർമ്മബോധമുള്ള രാഷ്ട്രീയക്കാർ നിയമസഭയിലും പാർലമെന്റിലും ഉണ്ടാവണം.
ഈഴവൻ എന്ന് പറയുന്നത് ആരാണെന്ന് നിങ്ങൾ മനസിലാക്കണം. ഇവിടുത്തെ ഈ വെള്ളാപ്പള്ളി നടേശന്റെ ഊളത്തരങ്ങൾ കണ്ട് അപമാനിക്കപ്പെട്ടു നടക്കുന്ന ഒരു ജനതയല്ല നമ്മൾ. രാവണ പരമ്പരയാണ് നമ്മൾ. ക്ഷത്രിയരാണ്. അടിച്ചാൽ തിരിച്ചടിക്കുന്നവനാണ്. ഗുരുവിനെ ശുശ്രൂഷ കൊണ്ടും ജനത്തെ ദാനം കൊണ്ടും സത്യത്തെ നീതികൊണ്ടും ശത്രുവിനെ ആയുധം കൊണ്ടും ജയിക്കാൻ പഠിച്ചവരാണ്, മറന്നുപോകരുത്. ഒരു ഈഴവൻ ആയിട്ട് ജനിക്കണമെങ്കിൽ അത്രയും പുണ്യം ഉണ്ടാവണം. നമ്മൾ മതമില്ലാത്തവരാണ്, ജാതിയില്ലാത്തവരാണ്. നമ്മളുടെ ഐഡന്റിറ്റി ഉയർന്നു തന്നെ നിൽക്കണം. ഒരു ദിവസം ജീവിച്ചാലും അന്തസായിട്ട് ജീവിച്ചോളണം.
ഇവിടുത്തെ സർവ പൊലീസും രാഷ്ട്രീയക്കാരും ഗുണ്ടായിസവും മാഫിയയുമെല്ലാം ഒരുപോലെ തകർക്കാൻ ശ്രമിച്ച ഈഴവനാണ് ഞാൻ. ഒരു ഈഴവൻ ആയതിന്റെ പേരിൽ ഞാൻ ഇവിടെ അനുഭവിച്ച പ്രശ്നങ്ങൾ ഒന്നും രണ്ടും അല്ല. അതുകൊണ്ടുതന്നെയാണ് ഈഴവനായ ചേന്തി അനിലിനെ പിടിച്ച് അകത്തിട്ടപ്പോൾ ഇന്നലെ ഞാൻ വിഡി സതീശനെതിരെ സംസാരിച്ചത്. വെള്ളാപ്പള്ളി നടേശന്റെ യോഗത്തിന്റെ ഭാഗമായി പ്രവർത്തിച്ചു എന്ന ഒരു തെറ്റേ ചേന്തി അനിലിന് പറ്റിയുള്ളൂ.
ഞാൻ എൻറെ ഉള്ളിലെ ഒരു അഗ്നി നിങ്ങൾക്ക് പകർന്നു തരികയാണ്. ഗോകുലം ഗോപാലേട്ടനെ പോലെ ഒരാൾ നമ്മൾക്ക് മുൻപിൽ നിൽക്കുമ്പോൾ നിങ്ങൾ തോൽക്കരുത്. അദ്ദേഹത്തിന്റെ നിന്ന് എന്തെങ്കിലും വാങ്ങിക്കാം, എന്തെങ്കിലും നേടാം എന്നോർത്തു വരുന്ന ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ട്. അവരെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പല പേരുകളും പറഞ്ഞു. അപ്പോൾ ഗോപാലേട്ടൻ എന്റെ വാപൊത്തും. നിങ്ങൾ മിണ്ടാണ്ടിരിക്ക് പ്രശ്നം ഉണ്ടാക്കരുത് എന്ന് പറയും. ചലിക്കുന്ന ശവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. പ്രതികരണശേഷി ഉള്ളവനാണ് കാട്ടിലെ കടുവ. തുഷാർ വെള്ളാപ്പള്ളിയെയും വെള്ളാപ്പള്ളി നടേശനെയും പോലെ കാല് നക്കിയും ചെരുപ്പ് നക്കിയും ജീവിച്ചിട്ട് എവിടെയെങ്കിലും വീണു ചാവാതെ നമ്മുടേതായ സിഗ്നേച്ചർ ഉണ്ടാക്കണം.
ഗോപാലേട്ടൻ വെള്ളാപ്പള്ളി നടേശന്റെ പേരുള്ള കോളജിൽനിന്ന് ആ പേര് വെട്ടിക്കളഞ്ഞു. 40 കോടി കൊടുത്തു അതിന്. രാജാക്കന്മാർ ചില രാജ്യങ്ങൾ കീഴടക്കുമ്പോൾ ആ രാജാവിന്റെ തല വെട്ടിക്കളഞ്ഞിട്ട് അവന്റെ പത്നിയെ എടുത്തുകൊണ്ടുപോകും. അതുപോലെ വെള്ളാപ്പള്ളിയുടെ പത്നിയായ കോളജിനെയാണ് വെള്ളാപ്പള്ളിയുടെ തല വെട്ടിയിട്ട് അദ്ദേഹം എടുത്ത് കാണിച്ചു കൊടുത്തത്. അതൊരു ഉദാഹരണമാണ്. അതുകൊണ്ട് തുഷാറിന്റെ അപ്പന്റെ തല വെട്ടിയിട്ട് ഈ ഒരു പണി ചെയ്തെങ്കിൽ തിരിച്ച് അതുപോലെ എന്തെങ്കിലും തുഷാർ കാണിച്ചു കൊടുക്ക് സമൂഹത്തിന്.
രാത്രി എട്ടു മണിയാകുമ്പോൾ മൂക്കറ്റം കള്ളുകുടിച്ച് ബിഎംഡബ്ല്യു കാറിൽ ടൈറ്റ്സിട്ട് ഇതുവഴി തേരാ പാരാ പോകുന്നത് ഇവിടുത്തെ പോലീസും എംവിഡിയും കാണുന്നില്ലേ? ഇവൻ ആരാണ്? ഹി ഈസ് നത്തിങ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സമൂഹം കാണിച്ചു കൊടുക്കണം. അതുകൊണ്ടാണ് വിഡി സതീശനോട് എട്ട് ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടറിയറ്റിൽ ഞാൻ ഒരു സമരം നടത്തിയത്. എന്നെപ്പോലെ ഒരു നിസ്സാരനായ ഒരാൾക്ക് അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ നമ്മൾ എല്ലാവരും കൂടെ ഒരുമിച്ച് നിന്നാൽ നടക്കും.
‘എട്ട് ധാർമിക ആവശ്യങ്ങൾക്കായി വെള്ളാപ്പള്ളി നടേശന് എട്ടിന്റെ പണി കൊടുക്കുക’ എന്നായിരിക്കണം നിങ്ങളും മന്ത്രിക്കേണ്ടത്. വെള്ളാപള്ളി നടേശൻ അനധികൃതമായി തട്ടിയെടുത്ത ശ്രീനാരായണ ഗുരുദേവന്റെ 30 ഏക്കർ ഭൂമി ശിവഗിരി മഠത്തിന് തിരികെ കൊടുപ്പിക്കുക, കോഴപ്പണത്തിന്റെ പേരിൽ യുവജനങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും തടയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കെ കെ മഹേഷിന്റെ മരണത്തിന് ഉത്തരവാദികളായ വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും കെ എൽ അശോകനെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുക, വെള്ളാപ്പള്ളി നടേശിന്റെ ബിനാമികളായ അരയാക്കണ്ടി സന്തോഷിന്റെയും കെ എൽ അശോകന്റെയും പക്കലുള്ള കള്ളപ്പണം ഇഡിയെ കൊണ്ട് കണ്ടുകെട്ടിക്കുക, എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി കസേരയിൽ കാലാവധി പൂർത്തിയാക്കിയിട്ടും തിരഞ്ഞെടുപ്പ് നേരിടാതെ അനധികൃതമായി ഇരിക്കുന്ന വെള്ളാപ്പള്ളി നടേശനെ സർക്കാർ ഇടപെട്ട് പുറത്താക്കണം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ആയിരുന്ന ശാശ്വതികാനന്ദ സ്വാമികളുടെ മരണത്തിന് പിന്നിലെ കാരണക്കാരായ തുഷാർ വെള്ളാപ്പള്ളിയുടെ പങ്ക് സമൂഹത്തിൻറെ മുന്നിൽ തെളിയിക്കുക, വർഗീയതക്കെതിരെ നിലകൊണ്ട ശ്രീനാരായണ ഗുരുദേവന്റെ പേരിൽ വർഗീയ വിഷം തുപ്പി അധികാരരാഷ്ട്രീയം കളിക്കുകയും ജനങ്ങളെ തമ്മിൽ അകറ്റുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ ഹീന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, അഴിമതിക്കെതിരെ നിലകൊള്ളുന്ന ബിജെപിയെയും നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന അഴിമതിക്കാരായ വെള്ളാപ്പള്ളി കുടുംബത്തെ എസ്എൻഡിപിയിൽ നിന്നും നീക്കം ചെയ്യാൻ ഇടപെടുക എന്നീ എട്ട് കാര്യങ്ങൾ പറഞ്ഞതിനാണ് ജിഹാദികളെ കൊണ്ട് ഞാൻ അവിടെ സമരം ചെയ്തു എന്ന് അവർ പറയുന്നത്. ഒരു മുസ്‍ലിം സ്ത്രീയും ഒരു പുരുഷനും വന്നതിനാണ് അവൻ ജിഹാദി എന്ന് പറയുന്നത്. കൂടുതൽ ഒന്നും പറയുന്നില്ല. പറയാൻ തുടങ്ങിയാൽ നിങ്ങൾക്കും നാട്ടുകാർക്കും എനിക്കും ബിപി കൂടും. ഗോപാലേട്ടൻ എന്തെങ്കിലുമൊക്കെ നമ്മളെ ചെയ്യും’ -ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.