പ്രതീകാത്മക ചിത്രം

ലോക്കപ്പ് പൂട്ടാൻ മറന്ന് പൊലീസുകാർ; കുണ്ടറയിൽ അർധരാത്രി മോഷണക്കേസ് പ്രതി ചാടിപ്പോയി

കൊല്ലം: കുണ്ടറ സ്റ്റേഷനിൽ കരുതൽ കസ്റ്റഡിയിലെടുത്ത ​പ്രതി പൊലീസുകാർ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് അർധരാത്രി ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ചൊവ്വാഴ്ച രാത്രി 1.30ഓടെ ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലിലാണ് ​പൊലീസ്. സംഭവം ജില്ലാ ക്രൈം ബാഞ്ച് ഡി​.വൈ.എസ്.പി അന്വേഷിക്കും

മോഷണക്കേസിലാണ് വൈജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ ​പൊലീസ് കസ്റ്റഡിയിലെടുത്തത്. നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലമിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകക്കെടുക്കുകയും​ ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചുനൽകാൻ എത്തിയ വൈജേഷിനെ വീട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

റൂറൽ കൺട്രോൾ റൂം എസ്.ഐ അനിൽകുമാർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് ശേഷം കുണ്ടറ സ്റ്റേഷനിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി രണ്ട് പൊലീസുകാർ മാത്രമാണ് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷിനെ ലോക്കപ്പിൽ അടച്ചശേഷം പൂട്ടാൻ മറന്നുപോയിരുന്നു. ഇതോടെ രാ​ത്രി ഒന്നരയോടെ ​പൊലീസുകാരുടെ കണ്ണുവെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപോകുകയായിരുന്നു. സംഭവത്തിൽ രണ്ട് ​പൊലീസുകാർക്കെതിരെയും നടപടി സ്വീകരി​ച്ചേക്കും. 

Tags:    
News Summary - Theft Suspect Escapes Custody Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.