കോഴിക്കോട് ഐ.ഐ.എം പ്രവേശന കവാടത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാർ
ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത് പ്രതിഷേധവുമായി പി.എസ്.സി ഉദ്യോഗാർഥികൾ
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുദിവസത്തെ പരിശീലന പരിപാടിക്ക് എത്തിയ കോഴിക്കോട് ഐ.ഐ.എം പ്രവേശന കവാടത്തിന് മുന്നിൽ പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. 2023 ലെ റാങ്ക് ലിസ്റ്റ് നീട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്.എസ്.എ, എച്ച്.എസ്.ടി ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.
വരുംമാസങ്ങളിൽ റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പഴയ ലിസ്റ്റിന്റെ പട്ടിക നീട്ടുമ്പോൾ തങ്ങളുടെ ലിസ്റ്റിന് എന്ത് സംഭവിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ഇവരുടെ ആവശ്യം. കൂടിയാലോചനകൾ ഒന്നുമില്ലാതെയുള്ള തീരുമാനം പിൻവലിക്കമെന്നും ഇവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഉത്തരവ് തിങ്കളാഴ്ച പി.എസ്.സി പുറത്തിറക്കുന്നുണ്ട്.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി തയാറാക്കിയ 18 റാങ്ക് പട്ടികകളുടെ കാലാവധിയാണ് ആറുമാസത്തേക്ക് കൂടി ദീർഘിപ്പിക്കുന്നത്. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശിപാർശയാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. സെൻസസ് ഡ്യൂട്ടി, ബി.എൽ.ഒ ചുമതലകൾ, അന്തർ ജില്ല സ്ഥലംമാറ്റത്തിലുണ്ടായ കാലതാമസം, തസ്തിക നിർണയം വൈകൽ, ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ മതിയായ നിയമനം നടത്തുന്നതിന് തടസ്സം നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് നിയമനങ്ങളിൽ ഗണ്യമായ കുറവിന് കാരണമായെന്നും ഇതെല്ലാം പരിഗണിച്ചാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.