ജി.ഡി.പി വളർച്ച: മോദിയുടെ അവകാശവാദം ഊതി വീർപ്പിച്ച തട്ടിപ്പെന്ന് വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഏപ്രിൽ-മെയ് മാസങ്ങളിലെ സാമ്പത്തിക വളർച്ച നിരക്ക് 7.8 ശതമാനമായി ഉയർന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം വെറും തട്ടിപ്പും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. അവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത രീതിയിൽ വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് അസാധാരണമായ ജി.ഡി.പി വളർച്ച നേടിയെന്ന അവതരണം പച്ചക്കള്ളമാണ്.
മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറിയായ സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക വിദഗ്ധർ നരേന്ദ്ര മോദിയുടെ അവതരണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുൻ വർഷത്തെ ജി.ഡി.പി തുക കുറച്ച് കാണിക്കുകയും അതുമായി താരതമ്യം ചെയ്തുകൊണ്ട് ജി.ഡി.പി വളർച്ചയെ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന കൗശലമാണ് പ്രധാനമന്ത്രി നടത്തുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യപാദ ജി.ഡി.പി തുക 86 ലക്ഷം കോടി രൂപയായിരുന്നു. ഇത് 80 ലക്ഷം കോടി രൂപയായി ചുരുക്കിക്കാണിച്ചു കൊണ്ടാണ് പുതിയ ജി.ഡി.പി വളർച്ച അവതരിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത്.
ഇന്ത്യയുടെ നിക്ഷേപ നിരക്കിന്റെ കാര്യത്തിലും ഗണ്യമായ കുറവ് വന്നു. നിക്ഷേപ നിരക്ക് 38 ശതമാനത്തിൽനിന്നു 34 ശതമാനമായി കുറഞ്ഞു. കേന്ദ്രഭരണകൂടം ഇത് മറച്ചുവെക്കുകയാണ്. ദൈനംദിന ജീവിതത്തിലെ വിലക്കയറ്റം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.