സിൽവർ ലൈൻ പദ്ധതി: സർക്കാറിന്‍റെ വീഴ്ചകൾ തുറന്നുകാട്ടി ചെന്നിത്തല

തിരുവനന്തപുരം: ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യതയുണ്ടാക്കുന്ന മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന്​ കോൺഗ്രസ്​ ​നേതാവ്​ രമേശ്​ ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. നന്ദി പ്രമേയ ചർച്ചയിൽ പ​ങ്കെടുക്കവെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വീഴ്ചകൾ രേഖകൾ സഹിതമാണ്​​ അദ്ദേഹം വിശദീകരിച്ചത്​.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള ഭരണാനുമതി കെ-റെയില്‍ പ്രോജക്ടിന്‍റെ പ്രീഇന്‍വെസ്റ്റ്‌മെന്‍റ്​ ആക്റ്റിവിറ്റിക്ക് മാത്രമാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഒരു അനുമതിയും നല്‍കിയിട്ടില്ല. എന്നാൽ കേന്ദ്ര ഉത്തരവിന്‍റെ മറവിൽ ഇപ്പോള്‍ കല്ല് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുകയാണ്​. ഇക്കാര്യം കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ ഇത് ഭൂമി ഏറ്റെടുക്കലിനുവേണ്ടിയുള്ള സർവേ അല്ലെന്നും സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള വെറും അതിര് വേര്‍തിരിക്കല്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ കോടതിയിൽ പറഞ്ഞതിന്​ വിരുദ്ധമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ സര്‍വേ നമ്പറുകള്‍ വ്യക്തമാക്കിക്കൊണ്ടും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള വിശദമായ ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.

വിദേശ ഫണ്ടിങ്ങിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്​ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ രേഖ അംഗീകരിച്ച്​ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടേയോ വിദേശ ഫണ്ടിങ്​ ഏജന്‍സികളുടേയോ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള യാഥാർഥ്യം മറച്ചുവെച്ച് പ്രചണ്ഡമായ പ്രചാരണ കോലാഹലമാണ് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Silver Line Project: Chennithala exposes government failures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.