മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി പതിപ്പ് വി.എ. കബീർ ഫ്രാൻസിസ് നൊറോണക്കു നൽകി പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: സാഹിത്യത്തിലും ജീവിതത്തിലും ഇടമില്ലാതെപോയ മനുഷ്യരെ ചേർത്തുനിർത്തിയ 25 വർഷമാണ് മാധ്യമം ആഴ്ചപ്പതിപ്പ് പിന്നിട്ടതെന്ന് സിൽവർ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവേദിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത് ഏകസ്വരത്തിൽ.
എഴുത്തിൽനിന്നും ജീവിതത്തിൽനിന്നും പുറത്തായിപ്പോയവരെ ഒപ്പം നിർത്തിയാണ് മാധ്യമം 25 വർഷം പിന്നിട്ടതെന്ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത ജ്ഞാനപീഠം ജേതാവും കൊങ്കണി സാഹിത്യകാരനുമായ ദാമോദർ മൗജോ അഭിപ്രായപ്പെട്ടു. ഏറ്റവും അവസാനത്തെ മനുഷ്യനെക്കൂടി പരിഗണിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നത്. ഏറ്റവും താഴെത്തട്ടിലെ മനുഷ്യനും നീതി കിട്ടിയോ എന്ന ചോദ്യം ഉയർത്തുന്നിടത്താണ് ഒരു പ്രസിദ്ധീകരണം ജനാധിപത്യത്തിൽ പങ്കാളിയാവുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ കാൽനൂറ്റാണ്ട് ജനാധിപത്യത്തിന്റെ വളർച്ചയിലെ ഇടപെടൽ കൂടിയായിരുന്നുവെന്ന് മൗജോ ചൂണ്ടിക്കാട്ടി. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിൽ മനുഷ്യരെ വിഭജിച്ചുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. നീതിയും സമത്വവും ചിലരുടേതുമാത്രമായിക്കഴിഞ്ഞ ഈ കാലത്ത് മാധ്യമങ്ങൾ കൂടുതൽ ജനപക്ഷത്ത് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാഹിത്യസംസ്കാരം മറ്റു ദേശങ്ങളെക്കാൾ വേറിട്ടുനിൽക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോർപറേറ്റുകൾ പങ്കിട്ടെടുത്ത രാജ്യത്ത് അതിനെതിരായ പോരാട്ടങ്ങളിൽ മാധ്യമം മുന്നിൽതന്നെയുണ്ടാകുമെന്ന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വ്യക്തമാക്കി. കോർപറേറ്റുകൾക്കെതിരെ ശബ്ദിക്കരുതെന്നാണ് ചിലർ കൽപിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ ഏതു സർക്കാർ കാണിച്ചാലും അതിനെതിരെ ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലത്തെയും മാറ്റത്തെയും ഉൾക്കൊണ്ട് ഇനിയും കാലങ്ങളോളം മാധ്യമം മുന്നോട്ടുപോകുമെന്നും അദ്ദേഹം അടിവരയിട്ടു.
മാധ്യമത്തോടുള്ള തന്റെ വിയോജിപ്പുകൾക്കുപോലും ഇടം നൽകുന്നതിൽ മാധ്യമത്തിന് മടിയുണ്ടായിട്ടില്ലെന്നും എതിർശബ്ദങ്ങളെയും അംഗീകരിക്കുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുകയെന്നും മുഖ്യപ്രഭാഷണം നടത്തിയ ടി. പത്മനാഭൻ പറഞ്ഞു. കോർപറേറ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഈ രാജ്യത്തെ എല്ലാ കോടതികളും പ്രവർത്തിക്കില്ലെന്നും അതിന് തെളിവാണ് മീഡിയവണിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.
ദാമോദർ മൗജോ രചിച്ച് രാജേശ്വരി ജി. നായർ പരിഭാഷപ്പെടുത്തി മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച 'ഇവർ എന്റെ കുട്ടികൾ' എന്ന പുസ്തകം നോവലിസ്റ്റ് എസ്. ഹരീഷ് കെ.കെ. ബാബുരാജിന് നൽകി പ്രകാശനം ചെയ്യുന്നു
ഭരണഘടനയുടെ ദൗത്യം പൂർത്തിയാവുന്നത് എഴുത്തുകാരും മാധ്യമങ്ങളും ഭരണകൂടത്തെ സ്വതന്ത്രമായി വിമർശിക്കുമ്പോഴാണെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ ചൂണ്ടിക്കാട്ടി. എഴുത്തുകാർ സമൂഹത്തിലെ ക്രിയാത്മക പ്രതിപക്ഷമാണ്. ഫാഷിസത്തിനെതിരെ ഐക്യമുന്നണി എന്ന ഒറ്റമരുന്നു മാത്രമേ ഫലിച്ചിട്ടുള്ളൂവെന്നും അതിനായിരിക്കണം പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
പുട്ട് തനിക്ക് ഇഷ്ടമല്ലെന്നും അത് അടിച്ചേൽപിച്ചാൽ ബന്ധം വഷളാവുമെന്നും പ്രഖ്യാപിക്കുന്ന മൂന്നാം ക്ലാസുകാരന്റെ വിവേകംപോലും ഭരണാധികാരികൾക്ക് നഷ്ടമായിരിക്കുന്നുവെന്ന് കെ.ഇ.എൻ അഭിപ്രായപ്പെട്ടു. മാധ്യമത്തിനൊപ്പം വായനക്കാരനും എഴുത്തുകാരനുമായി പിന്നിട്ട കാലങ്ങളെ സാമൂഹിക പ്രവർത്തകനും ചിന്തകനുമായ കെ.കെ. ബാബുരാജും കഥാകാരന്മാരായ എസ്. ഹരീഷും ഫ്രാൻസിസ് നൊറോണയും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.