ന്യൂഡൽഹി: കർണാടകയിലെ അധികാരത്തർക്കം മുറുകവെ ഡി.കെ ശിവകുമാറിനെ പ്രാതലിന് ക്ഷണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ചർച്ച. രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ശിവകുമാർ ഡൽഹി യാത്ര ഇതേതുടർന്ന് മാറ്റിവച്ചിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ശിവകുമാറിനെ കാണാൻ ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. "അതിനാൽ, ഞാൻ അദ്ദേഹത്തെ (ശിവകുമാറിനെ) ഒരു പ്രഭാതഭക്ഷണ യോഗത്തിന് വിളിച്ചിട്ടുണ്ട്. അദ്ദേഹം പ്രഭാതഭക്ഷണത്തിന് വരുമ്പോൾ ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യും."
"എന്റെ നിലപാടിൽ മാറ്റമൊന്നുമില്ല, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലുംഅനുസരിക്കും. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞിട്ടുണ്ട്," ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഡൽഹിയിലേക്ക് പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പ്രാതലിനൊപ്പം നടക്കുന്ന ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് ഹൈക്കമാന്‍റിന്‍റെ പ്രതീക്ഷ. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ചർച്ച. 2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിട്ടില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്.
നേതൃത്വത്തെ അനുസരിക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുപക്ഷത്തെയും എം.എൽ.എമാർ അവകാശവാദം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.