ഹൈദരാബാദ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. ഐ.ടി മന്ത്രി നര ലോകേഷിന്റെ നിർദ്ദേശത്തെ തുടർന്ന് അടുത്ത 90 ദിവസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
13-16 പ്രായക്കാർക്കുള്ള നിയന്ത്രണങ്ങളും ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ടെന്നും വിശാലമായ സമവായം ഉണ്ടാക്കിയ ശേഷം തീരുമാനിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയുടെഅമിതോപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ശരിയായി ഉപയോഗിക്കുകയാണെങ്കിൽ സാങ്കേതികവിദ്യ ഒരു ആയുധമായി ഉപയോഗിക്കാം. പക്ഷേ അത് നമ്മെ അടിമകളാക്കുമ്പോൾ ജീവിതം വിനാശകരമാകും നായിഡു നിയമസഭയിൽ പറഞ്ഞു.
സോഷ്യൽ മീഡിയ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനായി 2025 സെപ്റ്റംബറിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ സംഘം നായിഡു രൂപീകരിച്ചു. സിംഗപ്പൂർ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിലെ കുട്ടികളുടെ സംരക്ഷണ നയങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഓൺലൈൻ വിഡിയോകളും തെറ്റായ വിവരങ്ങളും സംബന്ധിച്ച നിലവിലുള്ള നിയമങ്ങളിലെ വിടവുകൾ പരിഹരിക്കാൻ ഒരു പുതിയ ബിൽ ശിപാർശ ചെയ്യാൻ പാനൽ ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഉത്കണ്ഠ, വിഷാദം, സ്വയം ഉപദ്രവിക്കൽ, സൈബർ ഭീഷണി, ഓൺലൈൻ മാനസിക സംഘർഷങ്ങൾ എന്നിവക്ക് കാരണമാകുന്നുവെന്ന് കാണിച്ചുള്ള കണക്കുകളും അവതരിപ്പിച്ചു.
ഇന്ത്യയിൽ 14-16 വയസ്സ് പ്രായമുള്ള കുട്ടികളിൽ ഏകദേശം 90 ശതമാനം പേർക്കും വീട്ടിൽ സ്മാർട്ട്‌ഫോണുകൾ ലഭ്യമാണെന്നും 75 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്നു. പ്രായപൂർത്തിയാകാത്തവരിൽ 60 ശതമാനത്തിലധികം പേരും ഓൺലൈൻ ഭീഷണി നേരിടുന്നു. പകുതിയോളം പേർ ദോഷകരമായ കാര്യങ്ങൾക്ക് വിധേയരാകുന്നെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.അതേസമയം പ്ലാറ്റ്‌ഫോമുകൾ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ കുട്ടികളുടെ ഡാറ്റ ശേഖരിക്കുകയും ധനസമ്പാദനം നടത്തുകയും ചെയ്യുന്നത് തുടരുന്നു.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയ ഒരു പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്, അതേസമയം ഡെൻമാർക്ക്, മലേഷ്യ, നോർവേ, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലാൻഡ് എന്നിവ ഓൺലൈൻ സുരക്ഷാ ചട്ടക്കൂടിന്റെ ഭാഗമായി പ്രായാധിഷ്ഠിത നിയന്ത്രണങ്ങൾ പരിഗണിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.