ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. സി.പി.എം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

2018 ഫെബ്രുവരി 12ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.

സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.

കേസിന്റെ വിചാരണ നടപടികൾ ഈ മാസം 18 മുതൽ കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തിൽ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. സാക്ഷിവിസ്താരം പൂർത്തിയായതിന് പിന്നാലെ, വിചാരണ നടപടികൾ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

പ്രതിഭാഗത്തിന്റെ ഈ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. മുൻപ് ഇതേ കോടതി തന്നെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജഡ്ജി ജാമ്യം റദ്ദാക്കുകയായിരുന്നു.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി നടപടിയെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്തു. വിചാരണ വൈകിപ്പിച്ച് കേസിൽ നിന്ന് ആനുകൂല്യം നേടാനുള്ള പ്രതികളുടെ ശ്രമത്തിനുള്ള തിരിച്ചടിയാണിതെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് പറഞ്ഞു.

Tags:    
News Summary - Shuhaib murder case: Bail of all accused including Akash Thillankeri cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.