തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് കുട്ടികളിൽ ഒരാൾക്ക് ‘ഷിഗല്ല’ രോഗമെന്ന് സ്ഥിരീകരണം. മുട്ടത്തറ പൊന്നറ യു.പി സ്കൂളിലെ വിദ്യാർഥിക്കാണ് ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഷിഗല്ല ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ ആദ്യമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. പി.പി. പ്രീത അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിലെ നാല് കുട്ടികളെ വയറിളക്കവും ഛർദിയും ബാധിച്ച് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മൂന്നുപേർ ഒരു വീട്ടിൽ നിന്നുള്ളവരാണ്. നാല് കുട്ടികളുടെയും സാംപിളുകൾ മെഡിക്കൽ കോളജ് ആശുപത്രി മൈക്രോബയോളജി ലാബിൽ പരിശോധനക്കയച്ചു. അതിലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. നില വഷളായ കുട്ടിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.
ജൂൺ 20ന് സ്കൂളിൽനിന്ന് മുട്ടയും പാലും കഴിച്ചതിനാൽ ഛർദിയും ക്ഷീണവുമനുഭവപ്പെെട്ടന്നാണ് ആദ്യ വിവരം. എന്നാൽ, അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സമയം വൈകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് എസ്.എ.ടി സൂപ്രണ്ട് ഡോ. സന്തോഷ് പറഞ്ഞു. മലിനജലം ശരീരത്തിനുള്ളിൽ കടക്കുന്നതാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നതുകൊണ്ട് രോഗം മൂർച്ഛിക്കും.
ഷിഗല്ല ബാക്ടീരിയ
കുടല് കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ല അറിയപ്പെടുന്നത്. മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കുവന്ന് രോഗം മാരകമാകും. വയറിളക്കത്തിന് പുറമേ, വയറുവേദനയും ഛർദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യും. കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. സാധാരണ വയറിളക്കമാണെന്ന് കരുതി ചികിത്സ വൈകുന്നത് വലിയ അപകടം വിളിച്ചുവരുത്തും. കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ തലച്ചോറിനെയും വൃക്കയെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.