സ്നേഹ സ്വരൂപരായ ഗുരുനാഥന്മാര്‍ക്ക്  തലമുറകളുടെ ആദരം

പെരിന്തല്‍മണ്ണ: അറിവും സ്നേഹവും ആവോളം ഉള്ളിലേറ്റി ലോകവും ജീവിതവുമറിയാന്‍ ഒരിക്കല്‍ ഇറങ്ങിപ്പോയ വിദ്യാലയത്തിന്‍െറ പടികയറി ഓര്‍മകളുടെ തിരുമുറ്റത്ത് അവരത്തെി. ആറു പതിറ്റാണ്ടുകളിലൂടെ പലവഴി പിരിഞ്ഞ ശിഷ്യഗണങ്ങള്‍. പലവഴികള്‍ കടന്ന് അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ പറയാനുണ്ടായിരുന്നത് വാത്സല്യത്തിന്‍െറ സ്നേഹമുദ്രകള്‍ ഹൃദയത്തിലും ഓര്‍മയിലും പതിപ്പിച്ച പ്രിയ ഗുരുനാഥന്മാരെക്കുറിച്ച്. 
ജീവിതത്തില്‍ കയറിപ്പോയ ഉയര്‍ച്ചയുടെ പടവുകളില്‍ സ്നേഹനിധികളായ അധ്യാപകരുടെ പിരിശത്തിന്‍െറ കൈയൊപ്പുണ്ടെന്ന അനുഭവം ഏറ്റുപറഞ്ഞ് പ്രമുഖരായ ശിഷ്യര്‍ പ്രാര്‍ഥനാപൂര്‍വം അവരുടെ സ്നേഹസ്മരണ പുതുക്കി. 

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൂര്‍വവിദ്യാര്‍ഥി സമ്മേളനമാണ് സ്ഥാപനത്തിന്‍െറ ആദ്യകാല അമരക്കാരായിരുന്ന എ.കെ. അബ്ദുല്‍ ഖാദിര്‍മൗലവിയുടെയും അബുല്‍ ജലാല്‍ മൗലവിയുടെയും സ്മരണകളില്‍ ധന്യമായത്. 
സ്ഥാപനത്തെ ലോകമറിയുന്ന കലാലയമാക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള ശിഷ്യന്മാരുടെ നീണ്ട നിരയെ വാര്‍ത്തെടുക്കുന്നതിലും ഇരുവരും വഹിച്ച പങ്ക് സാമൂഹിക, സാംസ്കാരികമണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ശിഷ്യന്മാര്‍ എടുത്തുപറഞ്ഞു.പൂര്‍വികരുടെ വെളിച്ചം വരും തലമുറകളിലേക്ക് പകരാനുള്ള ഓര്‍മപ്പുസ്തകത്തിന്‍െറ പ്രസിദ്ധീകരണത്തിനും ബിരുദദാനസമ്മേളനത്തോടെ തുടക്കമായി. ‘ഓര്‍മകളിലെ എ.കെ’ എന്ന ആദ്യകൃതി മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്തു. ശാന്തപുരം മഹല്ലിലെ മുതിര്‍ന്ന അംഗം കെ.പി. ഹൈദരലി ഏറ്റുവാങ്ങി. 
കേവലം ഒരു പണ്ഡിതന്‍ എന്നതിലപ്പുറം ദേശീയ പ്രശ്നങ്ങളിലും ലോകകാര്യങ്ങളിലും കൃത്യമായ നിലപാടുള്ളയാളായിരുന്നു മൗലവിയെന്ന് ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. എഡിറ്റര്‍ ശമീം ചൂനുര്‍ ഗ്രന്ഥം സമര്‍പ്പിച്ചു.

മുതിര്‍ന്ന പൂര്‍വാധ്യാപകരെയും വിവിധരംഗങ്ങളില്‍ ശ്രദ്ധേയരായ പൂര്‍വവിദ്യാര്‍ഥികളെയും അലുംനി അസോസിയേഷന്‍ ആദരിച്ചു. പൂര്‍വാധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദും പൂര്‍വവിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഒ. അബ്ദുല്ലയും വിതരണം ചെയ്തു. ‘കുസുമം’ കൈയെഴുത്ത് പത്രം എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് നഹാസ് മാള പ്രകാശനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ്ഹസന്‍ സംഗമം ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് വി.കെ. അലി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. എ.എ. ഹലീം സ്വാഗതവും സി.ടി. അബൂദര്‍റ് നന്ദിയും പറഞ്ഞു.

Tags:    
News Summary - shanthapuram al jamia al islamia alumni meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.