ഷംസീറിന്റെ വിവാദ പരാമർശം: എൻ.എസ്.എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും, ഗണപതി ക്ഷേത്രങ്ങളിൽ വഴിപാട് നടത്തും

കോട്ടയം: സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് ആഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻ.എസ്.എസ് തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും അയച്ചിട്ടുണ്ട്.

ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്ന് ഇതിൽ കുറ്റപ്പെടുത്തുന്നു. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി രണ്ടിന് എല്ലാ സമുദായാംഗങ്ങളും രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും എന്നാൽ, പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിലുള്ള കത്തിൽ ഓർമപ്പെടുത്തുന്നു.


എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗം. ‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, ശാസ്ത്രത്തിന് പകരം മിത്തുകളെ വെക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും. ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.​​വി​​.എ​​ഫ്‌ ട്രീ​​റ്റ്‌​​മെ​​ന്റി​​ന്‌ പോ​​കാ​​റു​​ണ്ട്‌. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം’, എന്നിങ്ങനെയായിരുന്നു സ്പീക്കർ എ.എൻ ഷംസീർ പ്രസംഗിച്ചത്.

ഇതിൽ ഗണപതിയെ കുറിച്ചുള്ള പരാമർശമാണ് സം​ഘ്പ​രി​വാ​റി​നെയും എൻ.എസ്.എസ് അടക്കമുള്ള സംഘടനകളെയും ചൊ​ടി​പ്പി​ച്ച​ത്. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ‘മുമ്പ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന ഷംസീറിനുള്ളത്? സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ, ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടെന്ന് മാപ്പ് പറയുക. ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് ഷംസീർ ഒരിക്കലും കരുതരുത് എന്നാണ് യുവമോർച്ചക്ക് പറയാനുള്ളത്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡി.വൈ.എഫ്ഐക്കാരോടും പൊലീസുകാരോടും ഞങ്ങൾക്ക് പറയാനുള്ളത് അതു തന്നെയാണ്.’ -എന്നായിരുന്നു ഗണേഷിന്റെ പ്രസംഗം. ഇതിനുപിന്നാലെ മാഹി പള്ളൂരിൽ യുവമോർച്ച നടത്തിയ പ്രകടനത്തിലും ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. കൈയും കൊലും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു മുദ്രാവാക്യം.

ഷംസീറിന് നേരെ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് ഇതിനെതിരെ സി.പി.എം നേതാവ് പി. ജയരാജൻ തിരിച്ചടിച്ചു. തലശ്ശേരിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്താണ് പി. ജയരാജൻ യുവമോർച്ചയുടെ ഭീഷണിക്കെതിരെ ‘മോർച്ചറി’ പ്രയോഗം നടത്തിയത്. ഇതിനുപിന്നാലെ, യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണുവീണാൽ ഒരുവരവുകൂടി വരേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ജയരാജനെതിരെ ഭീഷണി മുഴക്കിയിരുന്നു. തിരുവോണ നാളിൽ ജയരാ​ജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ ഓർമിപ്പിച്ച് ഓണപ്പൂക്കളത്തിന്റെ ചിത്ര സഹിതമായിരുന്നു സന്ദീപിന്റെ ഭീഷണി.

Tags:    
News Summary - Shamseer's Controversial Remarks: NSS Will Observe Faith Protection Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.