കൊച്ചി: നടി ഷംന കാസിം ഉൾപ്പെടെ പെൺകുട്ടികളെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച പ്രതികൾക്കെതിരെ കൂടുതൽ കേസുകൾ. സംഭവത്തിൽ ഒമ്പത് അംഗസംഘത്തിൽ രണ്ടുപേർകൂടെ അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. തട്ടിപ്പുസംഘത്തിൽ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. 15 കേസ് ആകെ രജിസ്റ്റർ ചെയ്യപ്പെടും. 18 പെൺകുട്ടികളെ കുടുക്കിയെന്നാണ് കണ്ടെത്തൽ.
വിവാഹാലോചനയുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടി ഷംന കാസിമിെൻറ പരാതിയിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ നിരവധി പെൺകുട്ടികളാണ് രംഗത്തുവരുന്നത്. മോഡലിങ്ങിനെന്ന് പറഞ്ഞ് പാലക്കാടേക്ക് വിളിച്ചുവരുത്തി സ്വർണക്കടത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘത്തിന് ഉന്നതബന്ധവും സംശയിക്കുന്നുണ്ട്.
കേസിൽ ഇതിനകം ഒമ്പത് പെൺകുട്ടികളുടെ മൊഴിയെടുത്തു. ഇതിനിടെ, പ്രതികളിലൊരാളായ റഫീഖ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെൺകുട്ടിക്കുമേൽ സമ്മർദം ചെലുത്തിയതായി വ്യക്തമായിട്ടുണ്ട്. ഷംന കാസിമിനെ സംഘം പറ്റിക്കുന്നതിന് മുമ്പായിരുന്നു ഇത്. പരാതി പിൻവലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. സ്വർണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, ഭീഷണി തുടരുകയും ചെയ്തെന്ന് പെൺകുട്ടി വ്യക്തമാക്കുന്നു. ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടുപോകാൻ മടിച്ചതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.