‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത്തവിളിച്ച് എം.എം. മണി

തൊടുപുഴ: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തോൽവിക്ക് വോട്ടർമാ​രെ അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചതായി മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഇഷ്ടം പോലെ തിന്നിട്ട് നേരെ എതി​രെ വോട്ടുചെയ്താൽ അതിന്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും. നിങ്ങൾ എനിക്ക് ശാപ്പാടും ചായയും മേടിച്ചു തന്നാൽ, അതിനൊരു മര്യാദ കാണിക്കണ്ടേ?’ -എം.എം. മണി ചോദിച്ചു.

നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ മണി നടത്തിയിരുന്നു. നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരം അധിക്ഷേപ പരാമർശങ്ങളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പല ഇടത് നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിട്ടുള്ളത്. മണിയാശാന്‍റെ നാടൻ ഭാഷാ ശൈലിയെന്നും നാടൻ ഭാഷാ പ്രയോഗമെന്നും തമാശകളെന്നും വിശേഷിപ്പിച്ച് പല ഇടത് നേതാക്കളും അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും കോൺഗ്രസ് മുൻ എം.പി. പി.ജെ. കുര്യനെയും എം.എം. മണി അധിക്ഷേപിച്ചിരുന്നു. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും മണി ആക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് നടന്ന സമ്മേളനത്തിലായിരുന്നു മണിയുടെ അധിക്ഷേപ പ്രസംഗം. ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്. വീണ്ടും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുന്നു. കെട്ടിവച്ച കാശ് പോലും കിട്ടില്ല. ഡീന് മുൻപുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നും അദ്ദേഹം പറഞ്ഞു.

‘വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശിയായുള്ളത് ഇപ്പോൾ ജോയ്സ് ജോർജ് മാത്രമാണ്. കേരളത്തിന് വേണ്ടി ശബ്ദിച്ചിട്ടുണ്ടോ. പാർലമെന്‍റിൽ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്ത് ചെയ്തു. ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. ജനങ്ങളോടൊപ്പം നിൽകാതെ, ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ, വർത്തമാനം പറയാതെ. ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ.. എൽപിച്ചോ, കഴി‍ഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. നന്നായി ഒലത്തും. ഇപ്പോ നന്നാക്കും. നീതി ബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല. അതിന് മുൻപ് ഉണ്ടായിരുന്നു പി.ജെ. കുര്യൻ. വേറെ പണിയായിരുന്നു പെണ്ണുപിടി. എന്തെല്ലാം കേസാണ് ഉണ്ടായത്. നമ്മൾ മറന്നോ. ജോയ്സ് ജോർജ് ഈ ജില്ലക്കാരൻ, എന്നും ഒപ്പം നിന്നു. ഇയാൾ നിന്നോ, ഈ ഡീൻ കുര്യക്കോസ്. പണ്ട് മുതൽ കണ്ടതാ വിദേശികളെ ചുമക്കുന്ന നമ്മുടെ പണി.’’ -എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.

Tags:    
News Summary - Kerala Local Body Election Results 2025: mm many against voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.