ബാബു കുടുക്കിൽ

ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരനായകൻ ബാബു കുടുക്കിലിന് ജയം

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന് (സൈനുൽ ആബീദീൻ) മിന്നും വിജയം. താമര​ശ്ശേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ ​മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ബാബു കുടുക്കിൽ പൊലീസിന്റെ കാടിളക്കിയ പരിശോധനയും അറസ്റ്റ് ഭീഷണിയും മറികടന്നാണ് മിന്നും വിജയം നേടിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്.

അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിലെ സമരം അക്രമാസക്തമായതോടെയാണ് സമരസമിതി ചെയർമാൻ കൂടിയായ മുസ്‍ലിം ലീഗ്​ നേതാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇദ്ദേഹം ഒളിവിൽ പോയി. ഇതിനിടെയിലായിരുന്നു മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് പൊലീസ് കണ്ണുവെട്ടിച്ച് എത്തിയ ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ, അറസ്റ്റ് ഭീഷണിയുള്ളതിനാൽ പ്രചാരണത്തിനിറങ്ങാതെയായി ജനവിധി തേടിയത്. ഇതോടെ സ്ഥാനാർഥിയില്ലാതെയാണ് പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചത്.

വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയെ കുരുക്കാൻ പൊലീസ് വലവിരിച്ച് കാത്തിരിന്നിട്ടും ഫലമുണ്ടായില്ല. അറസ്റ്റ് സാധ്യതയുള്ളതിനാൽ വോട്ട് ചെയ്യാനും എത്തിയിരുന്നില്ല. ഒടുവിൽ, ​ജനഹിതം നൽകിയാണ് സമരനായകന് നാട്ടുകാർ അംഗീകാരം നൽകുന്നത്.

Tags:    
News Summary - Fresh cut protest leader Babu kudukkil wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.