കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിലും യു.ഡി.എഫിന് വമ്പൻ മുന്നേറ്റം. ജില്ലാപഞ്ചായത്തിൽ ഭൂരിപക്ഷമുയർത്തി ഭരണത്തുടർച്ച നേടിയ മുന്നണി, ജില്ലയിലെ നാല് ബ്ലോക്കിലും ഭരണമുറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിലിരുന്ന രണ്ട് ബ്ലോക്കുകളും ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. 23ൽ ആറ് പഞ്ചായത്തുകളിൽ എൽ.ഡി.എഫും 16 ഇടത്ത് യു.ഡി.എഫും വിജയിച്ചു. പുൽപ്പള്ളിയിൽ ആർക്കും ഭൂരിപക്ഷം നേടാനായിട്ടില്ല. മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ, കൽപറ്റയിൽ എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇവിടെ സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണത്തിലേറാനാകും.
ജില്ലാപഞ്ചായത്തിലെ 17ൽ രണ്ട് സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നേറാനായത്. തിരുനെല്ലി, മീനങ്ങാടി ഒഴികെയുള്ള എല്ലാ ഡിവിഷനിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 37ൽ 21 സീറ്റ് യു.ഡി.എഫ് സ്വന്തമാക്കി, 14 ഇടത്ത് എൽ.ഡി.എഫ് ജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചു. ബത്തേരിയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 19 സീറ്റുകളിലാണ് യു.ഡി.എഫ് ജയിച്ചത്. എൽ.ഡി.എഫ് 14ഉം ഒരുസീറ്റ് എൻ.ഡി.എയും സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കൽപറ്റ മുനിസിപ്പാലിറ്റിയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റ് വേണമെന്നിരിക്കെ 15 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്.
വയനാട്ടില്‍ യു.ഡി.എഫ് ആധിപത്യം നേടിയപ്പോഴും കല്പപറ്റ നഗരസഭ കൈവിട്ടത് അവര്‍ക്ക് തിരിച്ചടിയായി. റിബല്‍ ശല്യവും സ്ഥാനാര്‍ഥി നിര്‍ണയവും കല്പറ്റയില്‍ യു.ഡി.എഫിന് തിരിച്ചടിയായപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലുണ്ടായ ക്ഷീണത്തിന് കല്പറ്റയിലെ വിജയം എല്‍.ഡി.എഫിന് ആശ്വാസമായി. ചരിത്രത്തിലാദ്യമായി കല്പറ്റ നഗരസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി രണ്ട് സീറ്റില്‍ ജയിച്ചു.
അമ്പലവയൽ, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുള്ളൻകൊല്ലി, നെന്മണി, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തരിയോട്, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി. മീനങ്ങാടി, മുപ്പൈനാട്, മുട്ടിൽ, പൂതാടി, തിരുനെല്ലി, വൈത്തിരി പഞ്ചായത്തുകളാണ് എൽ.ഡി.എഫ് പിടിച്ചത്. ഇടതു ശക്തികേന്ദ്രമായ പലയിടത്തും സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. യു.ഡി.എഫിനൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ എൻ.ഡി.എയും നേട്ടമുണ്ടാക്കി.
പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അക്കൗണ്ടു തുറന്നു. പഞ്ചായത്തിലെ ഒന്നാം വാർഡായ തിരുനെല്ലിയിൽ സി.പി.എമ്മിന്‍റെ ആദിത്യക്കെതിരെ ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി സജിത ജയിച്ചത്. പഞ്ചായത്തിൽ ആദ്യമായാണ് ബി.ജെ.പി സ്ഥാനാർഥി ജയിക്കുന്നത്. സജിത 398 വോട്ടുകൾ നേടിയപ്പോൾ 397 വോട്ടുകളാണ് ആദിത്യയുടെ അക്കൗണ്ടിലെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി ദീപക്ക് 64 വോട്ടുകൾ മാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.