ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരീനാഥിന് 8.28 കോടി പിഴയും നാലു വര്‍ഷം തടവും

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ശബരീനാഥിന് 8,28,11,000 രൂപ പിഴയും നാലു വര്‍ഷം തടവും. 18 വയസ്സുള്ളപ്പോള്‍ ചെയ്ത കുറ്റമായതുകൊണ്ടും തുടര്‍പഠനം നടത്തണമെന്ന പ്രതിയുടെ ആവശ്യം പരിഗണിച്ചുമാണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.കെ. സുരേഷ് വ്യക്തമാക്കി. അതേസമയം, ആര്‍.ബി.ഐ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ കോടതി റദ്ദാക്കി. ചട്ടപ്രകാരം ഈ വകുപ്പുകള്‍ ചുമത്തണമെങ്കില്‍ ബാങ്ക് അധികൃതരുടെ രേഖാമൂലമുള്ള പരാതി വേണം. എന്നാല്‍, ഇത്തരത്തില്‍ പരാതി അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ളെന്നും കോടതി വ്യക്തമാക്കി.

രണ്ട് കേസുകളിലും പ്രതി കുറ്റം സമ്മതിച്ചതാണെങ്കിലും നിലനില്‍ക്കാത്ത വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കാനാകില്ളെന്ന് കോടതി അറിയിച്ചു. ശബരീനാഥിനെ ഗൂഢാലോചന, വിശ്വാസവഞ്ചന, ബാങ്കര്‍ നടത്തുന്ന വഞ്ചന, വഞ്ചനക്കുള്ള പ്രേരണ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. ഇരുകേസിലും ബാങ്കര്‍ നടത്തിയ വഞ്ചനക്കുറ്റത്തിനാണ് പരമാവധി പിഴത്തുകയും പരമാവധി തടവ് ശിക്ഷയായ നാലു വര്‍ഷം തടവും വിധിച്ചത്.

ആദ്യ കേസില്‍ 6.05 കോടിയും രണ്ടാമത്തെ കേസില്‍ 2.22 കോടിയുമാണ് ഈ കുറ്റകൃത്യത്തിന് മാത്രം ചുമത്തിയത്. എന്നാല്‍, പിഴത്തുക അടച്ചില്ളെങ്കില്‍ ഇരുകേസിലുമായി രണ്ടുവര്‍ഷംകൂടി അധിക തടവ് അനുഭവിക്കണം. ഇരുകേസിലും ഗൂഢാലോചനക്ക് മൂന്നുവര്‍ഷവും വിശ്വാസവഞ്ചന, വഞ്ചനപ്രേരണ, വ്യാജരേഖ ചമയ്ക്കല്‍ എന്നിവക്ക് ഒരോ വര്‍ഷവും വ്യാജരേഖ അസ്സലായി ഉപയോഗിക്കച്ചതിന് മൂന്നു വര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്.

എല്ലാ ശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. നിലവില്‍ മൂന്നു വര്‍ഷവും അഞ്ചു മാസവും ശബരീ നാഥ് തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിഴത്തുക പ്രതി അടച്ചാല്‍ വഞ്ചനക്കിരയായവര്‍ക്ക് തുക വീതിച്ച് നല്‍കാനും കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഏഴ് കുറ്റപത്രങ്ങളില്‍ രണ്ട് കേസിലാണ് ശബരീനാഥിനെതിരെ ശിക്ഷ വിധിച്ചത്. ഈ കേസുകളിലെ മറ്റു പ്രതികള്‍ക്കെതിരായ വിചാരണ തുടരും. ശബരീനാഥിനെതിരായ മറ്റ് കേസുകളുടെ വിചാരണയും തുടരും.

ശബരീനാഥ് തന്‍െറ ഉടമസ്ഥതയിലെ ടോട്ടല്‍ ഫോര്‍ യു, ഐ നെസ്റ്റ്, നെസ്റ്റ് സൊലൂഷന്‍ എന്നീ പണമിടപാട് സ്ഥാപനങ്ങളിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. 2009ലാണ് ക്രൈംബ്രാഞ്ച് ഏഴ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. ഒമ്പത് സ്ത്രീകളടക്കം 20 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.   

 

Tags:    
News Summary - shabari nath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.