തിരുവനന്തപുരം: സി.എം.ആർ.എല്‍ മാസപ്പടിക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടർനടപടികളിൽ കരുതലോടെ നീങ്ങാനുറച്ച് എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്). വീണ വിജയനും സി.എം.ആർ.എൽ എം.ഡി ശശിധരൻ കാർത്തയുമടക്കം പ്രതിചേർക്കപ്പെട്ടവരുടെ അറസ്റ്റിന് ഉടൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ നൽകുന്ന സൂചന. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിന് വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീണ ഉൾപ്പെടെയുള്ളവർക്കെതിരായ 166 പേജ് കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന് വിചാരണ കോടതി പരിശോധിച്ച ശേഷമാകും പ്രതികൾക്ക് സമൻസ് അയക്കുന്നതടക്കമുള്ള നടപടികളുണ്ടാകുക. അതേസമയം കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായി ഉൾപ്പെടുത്തിയവർ കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങൾക്കുമെതിരെ കമ്പനികാര്യചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതൽ 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം നിലപാട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ സി.പി.എം ഒരുങ്ങുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ടെങ്കിലും ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകണമെന്ന തീരുമാനത്തിലാണ് സി.പി.എം.
മകളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചതുവഴി മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയും അതിലൂടെ പാർട്ടിയെയും സർക്കാറിനെയും കുഴപ്പത്തിലാക്കാനുള്ള ശ്രമങ്ങളെ എല്ലാതലത്തിലും നേരിടണമെന്ന പൊതുവികാരമാണ് സി.പി.എം നേതൃത്വത്തിലുള്ളത്. കുറ്റപത്രം സമർപ്പിച്ചത് നേരത്തേയുള്ള ആസൂത്രിത നീക്കങ്ങളുടെ തുടർച്ചയാണെന്ന് കരുതുന്ന നേതൃത്വം, പാർട്ടിക്കും സർക്കാറിനും കൂടുതൽ പരിക്കേൽക്കാതെ മുന്നോട്ടുപോകാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന തിരക്കിലാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം ഉള്‍പ്പെട്ട മാസപ്പടിക്കേസിലെ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിൽ പ്രതികൾക്ക് സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഇനിയുള്ളത്.
വീണ വിജയനടക്കം 20 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സമന്‍സ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കുറ്റകൃത്യം നടന്ന സ്ഥലം കൊച്ചിയായ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.