പൊന്നാനി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊന്നാനി എം.ഇ.എസ് കോളജിന് മുന്നിലെ സമര പന്തൽ പൊളിച്ചുമാറ്റി. കോളജിലുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നിരാഹാരം നടത്തുന്ന പന്തലാണ് പൊളിച്ചുമാറ്റി നൂറ് മീറ്ററകലെ പുനഃസ്ഥാപിച്ചത്. വിജയം കാണുംവരെ നിരാഹാരം തുടരാനാണ് എസ്.എഫ്.ഐ നീക്കം. സമരത്തിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ പന്തലിലെത്തുന്നുണ്ട്.
കർഷകസംഘം, പ്രവാസി സംഘം നേതാക്കൾ പിന്തുണയുമായെത്തി. രജീഷ് ഊപ്പാല, ഹുസൈൻ പാടത്തുകായിൽ, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
എസ്.എഫ്.ഐ സമരം രണ്ടുമാസമായി തുടരുകയാണ്. കഴിഞ്ഞദിവസം ജില്ല കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിലും തീരുമാനമായിരുന്നില്ല. എന്നാൽ, രണ്ടാഴ്ചയായി കോളജ് പ്രവർത്തിക്കുന്നുണ്ട്.- അധ്യയനം ഒഴികെയുള്ള മറ്റ് പരിപാടികൾ തടസ്സപ്പെടുത്തുകയാണ്. തുടക്കത്തിൽ അനിശ്ചിതകാല സമരമായിരുന്നു. പിന്നീട് നിരാഹാര സമരമാക്കി. അവശനിലയിലാവുന്നവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
11 വിദ്യാർഥികളെയാണ് പുറത്താക്കിയത്. 15 വിദ്യാർഥികളോട് 10,000 രൂപ പിഴയടക്കാൻ നിർദേശിച്ചിരുന്നു. മൂന്ന് വിദ്യാർഥികൾ അടച്ചു. വിധിയുടെ പശ്ചാത്തലത്തിൽ ഇനി ചർച്ചക്ക് പ്രസക്തിയുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുകയാണ് കോളജ് മാനേജ്മെൻറ്. സെമസ്റ്റർ പരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.