മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിക്കണമായിരുന്നു; ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം -ആർ. ബിന്ദു

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. പരാതിയുടെ വിശദാംശങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി പറഞ്ഞു. പൊലീസിനെ അറിയിച്ചിട്ടുണ്ടെങ്കിൽ പൊലീസ് ഇടപെടണമായിരുന്നു. എന്നും ആർ. ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ അല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ച് പരാതി പറയണമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന സർക്കാറാണ് സംസ്ഥാനത്ത് ഉള്ളതെന്നും വിശദാംശങ്ങൾ മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ പറഞ്ഞ അറിവാണ് ഈ വിഷയത്തെക്കുറിച്ച് ഉള്ളത്. അതിനെ അടിസ്ഥാനപ്പെടുത്തി പ്രതികരിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്ന സമൂഹമാണ് ഇടുതുപക്ഷത്തിന്‍റെ കാഴ്ചപ്പാടെന്ന് ആര്‍. ബിന്ദു പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കൈയിൽ ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി. ദൃശ്യം പകർത്തിയ ഭാര്യയെ ഗണേഷിന്റെ സഹായികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോണുകൾ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെടാതെ പിൻമാറിയെന്നും ആരോപണമുണ്ട്.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഇലക്ഷൻ അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണെന്ന് കെ.ബി. ഗണേഷ്‍കുമാറിന്‍റെ വാദം. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം നിയമസഭാമണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു. വെറും ഒരു സിനിമാ നടനും ബാലകൃഷ്ണപിള്ള സാറിന്റെ മോനാണെന്നും മാത്രം അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പത്തനാപുരത്ത് മത്സരിക്കുമ്പോൾ തന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് തന്റെ ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള ഒരു പുസ്തകം അടിച്ച് വീടുകളിലെല്ലാം വിതരണം ചെയ്തു. എന്നിട്ടും താൻ മികച്ച വോട്ടിനാണ് ജയിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞു. 

Tags:    
News Summary - r bindu abou kb ganesh kumar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.