സി.പി.എം സൈബർ ടീമിൽ പൊട്ടിത്തെറി; മുൻ ദേശാഭിമാനി ന്യൂസ് എഡിറ്റർമാർ ടീം വിട്ടു

തിരുവനന്തപുരം: സി.പി.എം സൈബർ ടീം വിട്ട് മുതിർന്ന മാധ്യമപ്രവർത്തകർ. മുൻ ദേശാഭിമാനി ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീം വിട്ട് പോയത്. എം. വി നികേഷ് കുമാറിന്‍റെ ഏകപക്ഷീയ നടപടികളെ തുടർന്നുണ്ടായ അതൃപ്തിയാണ് മാധ്യമപ്രവർത്തകരുടെ ഇറങ്ങിപ്പോക്കിന് കാരണമായത്.

സി.പി.എമ്മിന്‍റെ സൈബർ ഇടപെടലുകൾ പാളുന്നതിൽ പാർട്ടിയിലും മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. നികേഷിനെ സംരക്ഷിക്കുന്നത് എം. വി ഗോവിന്ദനാണെന്നാണ് പ്രധാന വിമർശനം. നികേഷിനെ എ.കെ.ജി സെന്‍ററിലേക്ക് കൊണ്ടുവന്നത് ഗോവിന്ദനാണ്. മേഖലാ ജാഥകളിലെ പ്രചരണം പാളിയതും വിമർശനത്തിന് കാരണമായി.

സമൂഹമാധ്യമങ്ങളിലെ സി.പി.എമ്മിന്റെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണിത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. സമീപകാലത്തായി സി.പി.എമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ലെന്ന വിമർശനം പാർട്ടി കേന്ദ്രങ്ങളിലും പാർട്ടി അനുഭാവികളും ഉന്നയിച്ചിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മുതൽ ഇപ്പോഴത്തെ മേഖല ജാഥ വരെയുള്ള സി.പി.എമ്മിന്റെ സൈബർ ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നു. അപ്പോഴെല്ലാം എം. വി ​ഗോവിന്ദന്റെ നേതൃത്വത്തിൽ നികേഷ്കുമാറിന് സംരക്ഷണം ഒരുക്കുകയായിരുന്നു. എന്നാലിപ്പോൾ, നികേഷ്കുമാറിന്റെ ഏകപക്ഷീയമായ നടപടികളിലെ അതൃപ്തിയെ തുടർന്ന് ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്ന് വിരമിച്ച മൂന്ന് മാധ്യമപ്രവർത്തകരാണ് ചുമതല ഒഴിഞ്ഞുപോകുന്നത്.

Tags:    
News Summary - Senior Journalists Exit CPM Cyber Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.