കോഴിക്കോട്: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി, പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് നിലപാടിനെ അഭിനന്ദിച്ച് മുസ്‌ലിം ലീഗ്. രാജ്യത്തിന്‍റെ മതേതര മനസ്സറിഞ്ഞ തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടതെന്ന് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘത്തിന്‍റെയും ധ്രുവീകരണ ശ്രമങ്ങളെ അതിശക്തമായി പ്രതിരോധിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനമാണ് പ്രായോഗികവത്കരിക്കപ്പെട്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം രാമക്ഷേത്രം തന്നെയാണ്. വർഗീയ ധ്രുവീകരണങ്ങളിലൂടെ രാജ്യത്ത് ബി.ജെ.പി വളർന്നപ്പോൾ അപരിഹാര്യമായ നഷ്ടങ്ങളാണ് കോൺഗ്രസിനുണ്ടായത്. നൂറ്റാണ്ടിന്‍റെ പാരമ്പര്യം പേറുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു നിലപാടിന്‍റെ അടിത്തറ രൂപപ്പെടുത്തേണ്ട സന്നിഗ്ധ ഘട്ടം കൂടിയായി അത് മാറി. അപശബ്ദങ്ങളും അങ്കലാപ്പുകളുമുണ്ടായെങ്കിലും ഗാന്ധിജിയും നെഹ്റുവും രൂപപ്പെടുത്തിയ മതേതര വഴിയിലൂടെ കരളുറപ്പോടെ മുന്നോട്ടുപോകാൻ തന്നെയായിരുന്നു പാർട്ടിയുടെ തീരുമാനം.
ഒരു പൊതുതെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കെ ബി.ജെ.പിയുടെ ആയുധങ്ങൾ പഴയത് തന്നെയാണ്. രാമക്ഷേത്രം യാഥാർഥ്യമാക്കി എന്നതാണ് തുറുപ്പുചീട്ട്. അതിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതിലൂടെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയായിരുന്നു ലക്ഷ്യം. ചടങ്ങിൽ പങ്കെടുത്താൽ തങ്ങളുടെ രാഷ്ട്രീയ അജണ്ടയിൽ കോൺഗ്രസിനെ വീഴ്ത്താമെന്നും അല്ലാത്തപക്ഷം മതവികാരം ഇളക്കിവിട്ട് ഒറ്റപ്പെടുത്താമെന്നും അവർ കണക്കുകൂട്ടി. എന്നാൽ, അതിശക്തമായ നീക്കത്തിലൂടെ ബി.ജെ.പിയുടെ പത്മവ്യൂഹത്തെ കോൺഗ്രസ് മറികടന്നിരിക്കുകയാണ് -മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.