വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കു വേണ്ടി കള്ളാടി പുഴയിൽ
തിരച്ചിൽ നടത്തുന്നു -പി. സന്ദീപ്
കള്ളാടി (വയനാട്): അന്നവും തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വയനാട്ടിലെത്തിയ ആ അഞ്ചുപേരും ഇപ്പോഴും കാണാമറയത്ത്. വയനാട് കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ പ്രദേശത്തെ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായ അന്തർസംസ്ഥാനക്കാരെ ബുധനാഴ്ചയും കണ്ടെത്താനായില്ല. മേപ്പാടി ചൂരൽമല റോഡിൽ മീനാക്ഷിയിലെ മല തുരക്കുന്നതിന് മുന്നോടിയായുള്ള മണ്ണെടുക്കൽ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിർമാണ കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡി.ബി.എൽ.) കമ്പനിയുടെ മൂന്ന് ജീവനക്കാർ ചൊവ്വാഴ്ച മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. മലയിൽ തുരങ്കമുണ്ടാക്കുന്ന ഭാഗത്തിനടുത്ത് മീനാക്ഷിമലയുടെ ഭാഗം ഇടിഞ്ഞ് താഴെയുള്ള മൺകൂമ്പാരമടക്കം ചൂരൽമല റോഡിലേക്ക് ഇരച്ചെത്തി തൊഴിലാളികൾ മണ്ണിൽ മൂടിപ്പോവുകയായിരുന്നു.
കമ്പനി കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ (ഹിമാചൽ പ്രദേശ്), എൻജിനീയർ രാഹുൽ (ഹിമാചൽ പ്രദേശ്), എക്സ്കവേറ്റർ ഓപറേറ്റർ മുഹമ്മദ് ഇംറാൻ (ബീഹാർ), സർവേയർമാരായ രാകേഷ് ഗുച്ചൈത് (പശ്ചിമ ബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (ഉത്തർപ്രദേശ്) എന്നിവരെയാണ് കാണാതായത്. ഉച്ചയോടെ ഒരു മൃതദേഹം ഉണ്ടെന്ന സംശയത്തില്‍ കഡാവര്‍ നായ മണംപിടിച്ച സ്ഥലത്ത് ഏറെനേരം മണ്ണ് നീക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മന്ത്രിമാരായ എ.പി. അനിൽകുമാർ, അഡ്വ. ടി സിദ്ദീഖ് എന്നിവരാണ് തിരച്ചിലടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. തിരച്ചില്‍ വ്യാഴാഴ്ചയും തുടരുമെന്നും എത്രയും പെട്ടെന്ന് എല്ലാവരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രിമാര്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മുഖ്യമന്ത്രി വി.ഡി. സതീശന് ദുരന്തസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കരിപ്പൂരില്‍നിന്ന് റോഡ് മാര്‍ഗം മീനാക്ഷിയിലെത്തിയ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പിലെത്തി ആളുകളെ ആശ്വസിപ്പിച്ചു. ശേഷം പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി. തുടർന്ന് കല്പറ്റയിലെ വയനാട് കലക്ടറേറ്റിലെത്തി അവലോകന യോഗം നടത്തി.
കള്ളാടി ദുരന്തസ്ഥലം നാല് സോണുകളാക്കി തിരിച്ച് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് സേനകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് ബുധനാഴ്ച രാവിലെ ഏഴ് മുതൽ തിരച്ചിൽ നടത്തിയത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.
മൃതദേഹങ്ങൾ കൈമാറി
കൽപറ്റ: കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി.ബി.എൽ അധികൃതർക്ക് കൈമാറിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എം. മൊയ്തീൻ ഷാ അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയായ അൻമോലിന്റെ മൃതദേഹം ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.