തെരഞ്ഞെടുപ്പ് യോഗത്തിൽ എം.എ ബേബി പ്രസംഗിക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ എസ്.ഡി.പി.ഐയുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയും സി.പി.എമ്മിനില്ലെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി. ചിലയിടങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി ജയിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഇടതുമുന്നണിക്ക് വോട്ട് ചെയ്യാൻ അവർ തീരുമാനിച്ചിട്ടുണ്ടാകും. സി.പി.എം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ സ്വതന്ത്ര തീരുമാനമാണ്. വോട്ടിന്റെ കാര്യത്തിൽ ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് നോക്കാനാവില്ല. ആർ.എസ്.എസിനെ മാറ്റിനിർത്താൻ അവർ വോട്ടുചെയ്യുമെന്ന് പറയുമ്പോൾ ആ പിന്തുണയെ മഹാ പാപമായി കാണരുത്. എസ്.ഡി.പി.ഐ അവരുടെ കാരണങ്ങളാൽ എൽ.ഡി.എഫിന് വോട്ടുചെയ്യാൻ പുറപ്പെടുമ്പോൾ പോളിങ് ബൂത്തിന് മുന്നിൽപോയി എസ്.ഡി.പി.ഐക്കാരെ മാർക് ചെയ്ത് തിരിച്ചയക്കാനുമാവില്ല -ബേബി പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ, ‘രണ്ട് വോട്ടിന് വേണ്ടി ഒരു വർഗീയ വാദികളുടെയും പിന്തുണ വാങ്ങില്ല’ എന്ന പിണറായി വിജയന്റെ പരാമർശത്തെ കുറിച്ച ചോദ്യത്തിന് ഓരോ തെരഞ്ഞെടുപ്പിന്റെയും ഘട്ടത്തിൽ പുതിയ സാഹചര്യങ്ങൾ രൂപപ്പെട്ടുവരാമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ സമീപനം സ്വീകരിക്കുകയെന്നുമായിരുന്നു പ്രതികരണം.
സാഹചര്യങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്നത് അവസരവാദമല്ലേയെന്ന ചോദ്യത്തിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ചായിരുന്നു വിശദീകരണം. ജർമനിയിലെ പിന്തിരിപ്പൻമാരായ അധികാരി വർഗത്തിനെതിരായ സമരത്തിൽ ബൂർഷ്വാസിയിലെ രാഷ്ട്രീയ വിഭാഗങ്ങളുമായി സഹകരിക്കാമെന്നും ആ സമരം വിജയിച്ചാൽ ബൂർഷ്വാസികൾക്കെതിരായ സമരത്തിൽ നമുക്ക് അണിനിരക്കേണ്ടി വരുമെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുണ്ടെന്ന് ബേബി വ്യക്തമാക്കി. എസ്.ഡി.പി.ഐ പിന്തുണക്കെതിരെ എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് എസ്.എഫ്.ഐ സ്വതന്ത്ര വിദ്യാർഥി സംഘടനയാണെന്നാണ് ബേബിയുടെ വിശദീകരണം.
തിരുവനന്തപുരം: പാർട്ടിയിലെ പുതിയകാല പ്രവണതകളിൽ സ്വയം വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. കമ്യൂണിസ്റ്റുകാർ പുലർത്തേണ്ട മൂല്യങ്ങളിലെ ശോഷണം ഒറ്റപ്പെട്ട നിലയിലാണെങ്കിലും അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്നില്ലേയെന്ന ചോദ്യം പ്രസക്തമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടി കേന്ദ്ര കമ്മിറ്റി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ജനറൽ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി എന്തെങ്കിലും തിരുത്തേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണ് അഭിപ്രായം. തെറ്റ് തിരുത്തൽ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളിലും നടന്നിട്ടുള്ളതും നടക്കേണ്ടതുമാണ്. തെറ്റ് തിരുത്തൽ പ്രക്രിയ പാർട്ടിയിൽ തുടരേണ്ടതുണ്ടെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം അടിവരയിട്ട് ഓർമിപ്പിക്കുന്നതാണ് അപ്രതീക്ഷിതമായി ചിലയാളുകൾ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു കോൺഗ്രസ് ചേരിയിലേക്ക് പോകുന്നതുപോലുള്ള പ്രവണതകൾ. ഇവരുടെ പോക്ക് പാർട്ടിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഒരു ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ല.
ഏത് പാർട്ടി അംഗവും വിട്ട് പോകുമ്പോഴും അതൊരു നഷ്ടമാണ്. അതേ സമയം, പാർട്ടി മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ കഴിയാത്ത ആളുകൾ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് ബേബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.