സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ

സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു

പെരിന്തൽമണ്ണ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രിൻസിപ്പലുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (81) വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

16ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20ാം വയസ്സില്‍ മഹല്ല് ഖാദിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ചു. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലായിരുന്നു ആദ്യ സേവനം. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിലുള്ള ‘ഇസ്‌ലാമിക ഫിഖ്ഹ് കൗൺസിൽ’ അംഗമെന്ന അപൂർവ പദവിയും അദ്ദേഹം അലങ്കരിച്ചു. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2009 വരെ ദേശീയ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1945 ജനുവരി ഒന്നിന് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി ഹജ്ജുമ്മയുടെയും മകനായി പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാട്ടാണ് ജനിച്ചത്. നാലാം ക്ലാസ് വരെ സ്‌കൂൾ പഠനം. ശേഷം ഇരുമ്പുഴി ദർസ്, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര, ജാമിഅ നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങളിൽ പഠനം.

ഭാര്യമാർ: ഫാത്തിമ, നഫീസ. മക്കൾ: മൂസ ഫൈസി, അബൂബക്കർ ഫൈസി. ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്സ, മരുമക്കൾ: അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, സലാം ദാരിമി പയ്യനാട്, അബ്ദുറഹ്മാൻ ദാരിമി കുമരംപുത്തൂർ, ലിയാഉദ്ദീൻ ഫൈസി മേൽമുറി, ഹബീബുല്ല ഫൈസി പള്ളിപ്പുറം, സകിയ്യ ചാപ്പനങ്ങാടി. സഹോദരങ്ങൾ: അബൂബക്കർ ഫൈസി, പരേതരായ മമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി. 

Tags:    
News Summary - Samastha General Secretary Prof. K. Alikkutty Musliyar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.