എ.ഡി.ജി.പി എം.ആർ. അജിത്കുമാർ

എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ; ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിയിൽ ഒടുവിൽ നടപടി

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എം.ആര്‍. അജിത്കുമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരായ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച വൈകീട്ട് ഡി.ജി.പി രവാഡ ചന്ദ്രശേഖർ സർക്കാറിന് കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി. സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രക്കുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെ.എസ്‍.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌.ഐ.ടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. 

തുടരന്വേഷണ റിപ്പോർട്ടിൽ അജിത്കുമാറിന്‍റെ വിശദീകരണം തേടിയശേഷമാണ് ഡി.ജി.പി ശിപാർശ സഹിതം കൈമാറിയത്. കേസ് ഡയറി തിരുത്തിയെന്ന് പറയുന്ന സമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ഏകോപന ചുമതലയിലായിരുന്നെന്നാണ് എ.ഡി.ജി.പി നൽകിയ വിശദീകരണം. സ്ഥലത്തില്ലാത്തിനാൽ വിശദീകരണം നൽകാൻ സാധിച്ചില്ല. വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഡി.ജി.പിയോട് അജിത്കുമാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാതെയാണ് നൽകിയ വിശദീകരണം സഹിതം ഡി.ജി.പി ബുധനാഴ്ച റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ നടപടി എടുത്തത്.

ഫയർഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ 31ന് വിരമിക്കുമ്പോള്‍ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിരുന്നു. സർക്കാർ നടപടി സ്വീകരിച്ചതോടെ ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായി. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്‍റെ ഓഫിസിലെ ഗ്രേഡ് എസ്‌.ഐമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചതെന്നാണ് എസ്‌.ഐ.ടി വിലയിരുത്തല്‍.

റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇതിന് തെളിവായി ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്ക് സമർപ്പിച്ചത്. എസ്.ഐ.ടി റിപ്പോർട്ട് കൈമാറുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Tags:    
News Summary - ADGP MR Ajithkumar suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.