വി.ഡി. സതീശൻ

‘ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകൻ’; ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചിച്ചു. അരനൂറ്റാണ്ടിലേറെക്കാലം മത-വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊണ്ട അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു.

ഇംഗ്ലീഷും അറബിയും ഒരുപോലെ വഴങ്ങിയിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റി (ഇഫ്‌ലു) സിലബസ് രൂപീകരണ സമിതി അംഗമായിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിലെ ഫിഖ്ഹ് കൗണ്‍സില്‍ അംഗമെന്ന നിലയിലും പ്രമുഖ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ലോകത്തിനു മുന്നില്‍ ശ്രദ്ധേയമായ പണ്ഡിത പ്രാതിനിധ്യം അടയാളപ്പെടുത്തി. ജനപ്രതിനിധിയല്ലാത്ത ഒരാള്‍ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലെത്തിയപ്പോഴും തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നപ്പോഴും അദ്ദേഹം കാഴ്ചവെച്ച മിടുക്കും പൊതുസേവന രംഗത്തെ മികവും ഏറെ പ്രശംസനീയമാണ്.

പതിനാറാം വയസ്സില്‍ മഹല്ല് ഖത്തീബായും, ഇരുപതാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിതനായ അപൂര്‍വ ബഹുമതിയും അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മതസൗഹാര്‍ദവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ പൊതുമണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയിലും വലിയൊരു നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

കേരളീയ സമൂഹത്തിനാകെയും ഇസ്‌ലാമിക വിജ്ഞാന മണ്ഡലത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. വിജ്ഞാനത്തിന്റെ ആഴവും പെരുമാറ്റത്തിലെ ലാളിത്യവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അറിവിന്റെ വെളിച്ചം കൊണ്ട് തലമുറകളെ വഴിനടത്തിയ അധ്യാപകനും മതസൗഹാർദവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച ദീർഘദർശിയായ നേതാവുമായിരുന്നു. സമസ്തയുടെ അമരക്കാരനായിരുന്നുകൊണ്ട് സമുദായത്തെയും പൊതുസമൂഹത്തെയും വിവേകത്തോടെയും പക്വതയോടെയും നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായി ഏറെ ബഹുമാനവും ആത്മബന്ധവും പുലർത്തിയിരുന്ന മഹത് വ്യക്തിത്വമായിരുന്നു ആലിക്കുട്ടി മുസ്‌ലിയാരെന്നും മന്ത്രി ടി. സിദിഖ് പറഞ്ഞു.

Tags:    
News Summary - Chief Minister condoles the demise of Alikkutty Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.