എം.പിമാരെ പാര്‍ലമെന്റില്‍ നിന്നു സസ്പെന്റു ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: 141 എംപിമാരെ പാര്‍ലമെന്റില്‍ നിന്നു സസ്പെന്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി ഏനാത്ത് സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിലപാടുകളെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ പ്രതിപക്ഷ എം.പിമാരെ കൂട്ടമായി പാര്‍ലമെന്റില്‍ നിന്നു സസ്പെന്റു ചെയ്യുന്നത് വിവാദ ബില്ലുകള്‍ ചര്‍ച്ചകള്‍ കൂടാതെ പാസാക്കുന്നതിനുള്ള ഗൂഢതന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് അതിക്രമം സംബന്ധിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയാറാവാത്തത് അവര്‍ക്ക് പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണ്. ബി.ജെ.പിയുടെ പൂര്‍വ രൂപമായിരുന്ന ജനസംഘം 1966 ല്‍ പാര്‍ലമെന്റ് ആക്രമിച്ചിരുന്നു. ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരി ലാല്‍ നന്ദ രാജി വെച്ചു. 2001 ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി അദ്വാനി മറുപടി പറയാന്‍ തയാറായി.

എന്നാല്‍ ഇന്ന് ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയുന്നതിനു പകരം ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അതിക്രമം കാട്ടിയവര്‍ ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അതിന് മറുപടി പറയാതെ എംപിമാരെ സസ്പന്റ് ചെയ്യുന്നതിലൂടെ ചര്‍ച്ച വഴിതിരിച്ച് വിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ തെരുവുകളില്‍ ആ ചോദ്യങ്ങള്‍ അലയടിക്കും.

അതിന് മറുപടി പറയാന്‍ ഫാഷിസ്റ്റ് ഭരണകൂടം നിര്‍ബന്ധിതരാവും. പ്രതിപക്ഷ ശബ്ദങ്ങളെ പുറത്തുനിര്‍ത്തി ജനാധിപത്യത്തെ കശാപ്പുചെയ്ത് ജനവിരുദ്ധ ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസ്സാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭാരതീയ ന്യായ സംഹിത നിയമം ജനാധിപത്യ വിരുദ്ധമാണ്. മോദി അധികാരത്തിലെത്തിയതു മുതല്‍ ഭീകര നിയമങ്ങള്‍ ചുട്ടെടുക്കുകയാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ത്തെറിയാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ പൗരസമൂഹം തയാറാവണമെന്നും അന്‍സാരി പറഞ്ഞു.

പാളയത്തു നിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിനു മുമ്പില്‍ പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് സംസാരിച്ചു.

Tags:    
News Summary - SDPI marches to A.G office to protest suspension of MPs from Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.