തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം ഒന്ന് മുതൽ പ്ലസ് ടു തലം വരെ ഏകീകരിക്കാനുള്ള ശിപാർശയിലെ പ്രധാന നിർദേശത്തിന് ധനവകുപ്പിന്‍റെ വെട്ട്. വിദ്യാഭ്യാസ ഓഫീസുകൾ പുനഃക്രമീകരിച്ച് പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസ് സ്ഥാപിക്കാനുള്ള നിർദേശത്തിലാണ് ധനവകുപ്പ് ഉടക്കിട്ടത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് തലത്തിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലും പ്രത്യേകം വിദ്യാഭ്യാസ ഓഫീസ് സ്ഥാപിക്കാനുള്ള നിർദേശം ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന വിലയിരുത്തലിലാണ് സ്കൂൾ വിദ്യാഭ്യാസ ലയനം സംബന്ധിച്ച ഫയൽ ധനവകുപ്പ് തടഞ്ഞത്. ഇതോടെ ഈ സർക്കാറിന്‍റെ കാലത്ത് തന്നെ ലയന നടപടികൾ പൂർത്തിയാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം നടപ്പാകില്ലെന്ന് ഉറപ്പായി.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഒന്നാം ഭാഗത്തിലെ സുപ്രധാന ശിപാർശയായിരുന്നു സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ലയനം. ഒന്നാം പിണറായി സർക്കാറിന്‍റെ അവസാനകാലത്ത് ഇതിനനുസൃതമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.പി.ഐ), ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചു. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒന്നിച്ചുപ്രവർത്തിക്കുന്നിടങ്ങളിൽ ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കുകയും ഹെഡ്മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പൽ തസ്തികയാക്കി മാറ്റുകയും ചെയ്തിരുന്നു.
ലയനം മുകൾത്തട്ടിൽ മാത്രം നടപ്പാക്കിയപ്പോഴും മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ ഓഫീസുകൾ പഴയ രീതിയിൽ തന്നെ തുടരുകയായിരുന്നു. ഡി.പി.ഐക്ക് കീഴിലായിരുന്ന എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസുകളും ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലായിരുന്ന മേഖലാ ഓഫീസുകളും (ആർ.ഡി.ഡി) വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിന് കീഴിലായിരുന്ന അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുകളും (എ.ഡി) പഴയ രീതിയിൽ തുടരുകയാണ്.
ഇവയുടെ ലയനത്തിനായി ഖാദർ കമ്മിറ്റി സമർപ്പിച്ച ശിപാർശകളുടെ അടിസ്ഥാനത്തിൽ രണ്ടാം പിണറായി സർക്കാരിെന്റ കാലത്ത് കരട് സ്പെഷ്യൽ റൂൾസ് തയാറാക്കി വിദ്യാഭ്യാസ വകുപ്പ് അനുമതിക്കായി സമർപ്പിച്ചിരുന്നു. ധന, നിയമ, ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പുകളുടെ അംഗീകാരം ഇതിന് ആവശ്യമായിരുന്നു. നിലവിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ, ആർ.ഡി.ഡി, എ.ഡി ഓഫീസുകൾ ഇല്ലാതാക്കുകയും പകരം ജില്ലാതലത്തിൽ ജോയന്‍റ് ഡയറക്ടർ ഓഫീസുമാണ് നിർദേശിച്ചിരുന്നത്. നിലവിലുള്ള ഡി.ഡി.ഇ ഓഫീസുകൾ ഈ രൂപത്തിൽ പരിവർത്തിപ്പിക്കാനായിരുന്നു നിർദേശം.
അധ്യാപകരുടെയും ജീവനക്കാരുടെയും സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ കരട് സ്പെഷ്യൽ റൂൾസിൽ നിർദേശിച്ച പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ തസ്തികക്കാണ് ഇപ്പോൾ ഉടക്ക് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.