പ്രിയ വർഗീസ്
പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയിൽ; വക്കീലിനെ മാറ്റി കണ്ണൂർ സർവകലാശാല
ന്യൂഡൽഹി: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ ഭാവി തുലാസിലായേക്കാവുന്ന നീക്കത്തിൽ കണ്ണൂർ സർവകലാശാല സി.പി.എം സഹയാത്രികനായ അഡ്വ. കെ.ആർ സുഭാഷ് ചന്ദ്രനെ മാറ്റി പകരം കോൺഗ്രസ് നോമിനിയായ സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.എസ്. സുൽഫീക്കറിനെ നിയമിച്ചു.
പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരെ യു.ജി.സി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് കണ്ണൂർ സർവകലാശാലയുടെ നീക്കം. ഇതോടെ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈകോടതി വിധി തങ്ങളുടെ ചട്ടങ്ങൾക്കെതിരാണെന്ന യു.ജി.സി നിലപാടിനെ കണ്ണൂർ സർവകലാശാല പിന്തുണക്കും.
നേരത്തെ പ്രിയ വർഗീസിന് അനുകൂലമായിരുന്ന സംസ്ഥാന സർക്കാറും സർവകലാശാലയും യു.ജി.സിക്കൊപ്പം ചേരുന്നതോടെ അപ്പീലിൽ എതിർകക്ഷിയായി അവർ മാത്രമായി മാറുകയും ചെയ്യും.
അസോസിയറ്റ് പ്രഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ച സർവകലാശാല സംസ്ഥാനത്ത് സർക്കാർ മാറിയതോടെ നേർവിപരീതമായി പുതിയ സത്യവാങ്മൂലം സമർപ്പിക്കും. അഭിഭാഷകനെ മാറ്റിയ വിവരം സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.എസ്. സുൽഫീക്കർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സർവകലാശാലയുടെ വക്കാലത്ത് നാമ നൽകുന്നതിന് സമയം തേടുകയും ചെയ്യും.
പ്രിയാ വർഗീസിന്റെ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രൻ ആണ് കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത്. എസ്എഫ്ഐയിൽ കെ.കെ. രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കി സർവകലാശാല സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.