മാനദണ്ഡങ്ങളിൽ അപാകത; സ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റ പട്ടിക റദ്ദാക്കി
തിരുവനന്തപുരം: സർക്കാർ സ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിനായി തയാറാക്കിയ സീനിയോറിറ്റി പട്ടിക, വിജ്ഞാപനം ഉൾപ്പെടെ റദ്ദാക്കി. പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും സ്ഥലംമാറ്റത്തിനായി മുൻ സർക്കാർ കാലത്ത് വിജ്ഞാപനം ചെയ്ത് തയാറാക്കിയ താൽക്കാലിക സീനിയോറിറ്റി പട്ടികയാണ് റദ്ദാക്കിയത്. 2026 ഫെബ്രുവരി 17ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ അപാകത കണ്ടതിനെ തുടർന്നാണ് നടപടി. സേവന കാലയളവ് ഇരട്ടിയായി കണക്കാക്കുന്ന ആനുകൂല്യം, മലയോര/ ദുർഘട പ്രദേശങ്ങൾക്കുള്ള വെയ്റ്റേജ്, 20 മുൻഗണനാ വിഭാഗങ്ങൾ എന്നിവ പൊതുസ്ഥലംമാറ്റ വ്യവസ്ഥകളാണെന്നും അവ അന്തർജില്ലാ സ്ഥലംമാറ്റത്തിന് ബാധകമല്ലെന്നും വ്യക്തമാക്കി ജൂലൈ 31ന് സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതോടെയാണ് സാങ്കേതിക അപാകതകളുള്ള സർക്കുലറും സീനിയോറിറ്റി പട്ടികയും, ലഭിച്ച അപേക്ഷകളും റദ്ദാക്കിയത്. അപേക്ഷകന് ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യാനാവൂ. താൽപര്യമുള്ള പത്ത് സ്കൂളുകൾ ഉൾപ്പെടുത്താം. ആദ്യനിയമനം ലഭിച്ച ജില്ലയിൽ അഞ്ച് വർഷം ഒരേ തസ്തികയിൽ സേവനം പൂർത്തിയാക്കിയവർക്ക് മാത്രമേ അന്തർജില്ല സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. ഡെപ്യൂട്ടേഷൻ കാലയളവും വേതനരഹിത അവധി കാലയളവും യഥാർഥ സർവീസ് ദൈർഘ്യമായി കണക്കാക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.