മാവുങ്കാൽ കല്യാൺ റോഡ് ഭാഗത്ത് ദേശീയ പാതയിൽ പാർക്ക് ചെയ്ത വലിയ വാഹനങ്ങൾ

ദേശീയ പാതയിൽ വലിയ വാഹനങ്ങളുടെ പാർക്കിങ് അപകടഭീഷണി

കാഞ്ഞങ്ങാട്: ദേശീയപാത നിർമാണ മേഖലയിലെ അശാസ്ത്രീയതയും അനധികൃത പാർക്കിങ്ങും മൂലം ജില്ലയിലെ ദേശീയ പാതയിൽ അപകട ഭീഷണി.

ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന പല ഭാഗങ്ങളിലും വലിയ ലോറികളും മറ്റു വാഹനങ്ങളും സുരക്ഷ മുൻകരുതലുകളുമില്ലാതെ റോഡരികിൽ നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്. ജില്ലയിലെ കല്യാൺ റോഡ് ജങ്ഷൻ, ചാലിങ്കാൽ, കാഞ്ഞങ്ങാട് സൗത്ത്, പടന്നക്കാട് ഉൾപ്പെടെയുള്ള നിർമാണ മേഖലകളിൽ ഈ പ്രവണത വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാർ ഷോറൂമിലേക്ക് വാഹനങ്ങളുമായെത്തുന്ന ട്രെയിലറുകൾ ദിവസങ്ങളോളമാണ് ദേശീയപാതയിൽ പാർക്കുചെയ്യുന്നത്. ഇവിടെ ഒരുഭാഗത്ത് നിർമാണപ്രവർത്തനം നടക്കുമ്പോൾ ലോറി നിർത്തിയിട്ട ഭാഗത്തുകൂടിയാണ് ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ പോകുന്നത്.

രാത്രികാലങ്ങളിൽ മതിയായ വെളിച്ചമോ ദിശാസൂചക ബോർഡുകളോ റിഫ്ലക്ട‌റുകളോ ഇല്ലാതെയാണ് പല ലോറികളും ദേശീയ പാതയോരങ്ങളിലും സർവിസ് റോഡുകളിലേക്കു തിരിയുന്ന ഭാഗങ്ങളിലും പാർക്ക് ചെയ്യുന്നത്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ വേഗനിയന്ത്രണങ്ങളോ ഡിവൈഡറുകൾ വ്യക്‌തമായി കാണുന്നതിനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയുയർത്തുന്നു. രാത്രികാലങ്ങളിൽ എത്തുന്ന ദീർഘദൂര വാഹനങ്ങൾക്കും പുതുതായി എത്തുന്ന ഡ്രൈവർമാർക്കും റോഡിന്റെ ഗതിമാറ്റവും നിർത്തിയിട്ടിരിക്കുന്ന വലിയ ലോറികളും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് ദുരന്തത്തിനു വഴിവെക്കുമെന്ന ഭീതിയുയർത്തുന്നു.

ദേശീയപാത അതോറിറ്റിയും മോട്ടോർ വാഹന വകുപ്പും പൊലീസും ജില്ലയിലെ നിർമാണ മേഖലകളിൽ അടിയന്തര പരിശോധന നടത്തണമെന്നും അനധികൃതമായി പാർക്ക്ചെയ്യുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആവശ്യം. കാഞ്ഞങ്ങാട് സൗത്തിൽ ഒരു മാസം മുമ്പ് ഇത്തരത്തിൽ പാർക്ക് ചെയ്ത ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.

Tags:    
News Summary - Large Vehicles Parked on Highway Pose Safety Risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.