ചാക്കിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ; അന്വേഷണം ബംഗാൾ സ്വദേശിയിലേക്ക്, കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനി

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽനിന്ന് സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നവ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. കൊലപാതകത്തിന് പിന്നിൽ സ്ത്രീയുടെ പങ്കാളിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗളി ഡിവൈ.എസ്.പി ആർ. അശോകൻ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. കൊലപാതകത്തിന് ശേഷം പ്രതി കേരളത്തിൽ നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസ് പറയുന്നത്.

പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കോൾ ഡീറ്റെയിൽ റെക്കോർഡ് (സി.ഡി.ആർ) വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതി. കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇരുവരും വിവാഹിതരാണോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്.

ഏകദേശം 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവ് പ്രദേശത്തെ തോട്ടത്തിൽ തൊഴിലാളിയായെത്തിയതെന്നും പൊലീസ് പറഞ്ഞു. സ്ത്രീയും പങ്കാളിയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചുവരികയാണ്.

ആയുധം ഉപയോഗിച്ച് മൃതദേഹങ്ങൾ വെട്ടിമുറിച്ച ശേഷം ചാക്കുകളിൽ കെട്ടി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ് . 

Tags:    
News Summary - Body Parts In Sack: Probe Points To Bengal Native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.