പിരിച്ച പണം തിരിച്ചുനൽകണം; പൊലീസ് കായികമേള പിരിവിൽ ഡി.ജി.പിയുടെ ഇടപെടൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന പൊലീസ് വാർഷിക കായിക മേളയുടെ നടത്തിപ്പിനായി വ്യാപകമായി പിരിച്ച പണം തിരിച്ചുനൽകാൻ ഡി.ജി.പിയുടെ നിർദേശം. പൊലീസ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവിട്ട് മേള നടത്താൻ ഉത്തരവിട്ടു. കായികമേള ആഘോഷമാക്കാനായിരുന്നു തീരുമാനം.
അതിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളുടെ സ്പോണ്‍സർഷിപ്പിലൂടെയും സി.എസ്.ആർ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു ലക്ഷ്യം. ഇക്കാര്യം എസ്.പിമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ്ഡിവിഷുകളിൽ വ്യാപകമായ പണപ്പിരിവാണ് നടന്നത്. വമ്പൻ സ്ഥാപനങ്ങൾ മുതൽ ഹോട്ടൽ, ബേക്കറി ഉടമകളിൽ നിന്നുവരെ പണം പിരിച്ചു. ഡി.ഐ.ജിയുടെ നേതൃത്വത്തിലായിരുന്നു ഫിനാൻസ് കമ്മിറ്റി. പൊലീസിലെ ഈ പണപ്പിരിവ് വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം ഡി.ജി.പി രവാഡ ചന്ദ്രശേഖർ പങ്കെടുത്ത യോഗത്തിൽ കണക്ക് അവതരിപ്പിച്ചപ്പോഴാണ് ക്രഷര്‍, ഹോട്ടൽ, ബേക്കറി ഉടമകളിൽനിന്ന് പോലും പണം പിരിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം വിമര്‍ശിച്ചു. ഇതോടെയാണ് പിരിച്ച പണം എത്രയും പെട്ടെന്ന് തിരിച്ച് നൽകാൻ ഡി.ജി.പി നിർദേശിച്ചത്.
എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്ക് പണം ഈടാക്കുന്നുണ്ട്. പൊലീസ് സംഘടനകള്‍ നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് സി.എസ്.ആർ ഫണ്ടുമുണ്ട്. അപ്പോഴാണ് ക്വാറി ഉടമകളിൽ നിന്നുൾപ്പെടെ വ്യാപകമായി പണം പിരിച്ചത്.
47ാംമത് കേരള പൊലീസ് സ്റ്റേറ്റ് അത്ലറ്റിക് ആന്റ് ഗെയിംസ് മീറ്റിന് ഇന്നാണ് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. പത്ത് വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ എട്ടിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പത്തിന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന് വിശിഷ്ടാതിഥി ആകും. ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യത്തെ പൊലീസ് മീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.