‘മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്; കണ്ണിൽ പൊടിയിടാൻ, കാര്യാക്കണ്ട...’; ഇ.ഡി നോട്ടീസിനെ പരിഹസിച്ച് സന്ദീപ് വാര്യർ

കോഴിക്കോട്: മ​സാ​ല ബോ​ണ്ട്​ വ​ഴി കി​ഫ്ബി വി​ദേ​ശ​ത്ത് ​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസിൽ പരിഹാസവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. നോട്ടീസിന്‍റെ മാതൃകയിലുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപിന്‍റെ പരിഹാസം.

മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ് അയക്കുന്നുവെന്നും കരുവന്നൂരിലെയും ലൈഫ് മിഷനിലെയും മാസപ്പടിയിലെയും പോലെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും കാര്യമാക്കേണ്ടെന്നും എഫ്.ബി പോസ്റ്റിൽ സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടി

നോട്ടീസ്

പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു. ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യാക്കണ്ട.

സസ്നേഹം സഖാവിന്‍റെ സ്വന്തം ഇഡി

മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് കി​ഫ്ബി പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.

നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടാവുക. വർഷങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് ത​ദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.

2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ട് ഇറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ചട്ടങ്ങൾ ലംഘിച്ചതായി ഇ.ഡി അന്വേഷണ സംഘം ഏതാനും മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് ​അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട്, ​മുൻ ധനകാര്യമന്ത്രി ​തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹരജി കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് ഇ.ഡി തുടർ നടപടികളിലേക്ക് നീങ്ങുന്നത്.

പ്രളയാനന്തര അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ലക്ഷ്യം വെച്ചായിരുന്നു 2019ൽ കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. സി.എ.ജിയും ഇ.ഡിയും നേരത്തെ തന്നെ അസ്വാഭാവികതയും നിയമലംഘനവും ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. അതേസമയം, ഒരു സംസ്ഥാനത്തിന് മസാല ബോണ്ട് ഇറക്കി വിദേശത്ത് നിന്നും പണം രാജ്യത്ത് എത്തിക്കാൻ അവകാശമില്ലെന്നാണ് ഇ.ഡി നിലപാട്.

അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തിയത്.

Tags:    
News Summary - Sandeep Varier mocks ED notice in Masala Bond case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.