കോവിഡ്​ കൈകാര്യം ചെയ്യുന്നതിലെ വീഴ്​ച ചൂണ്ടികാണിച്ച്​ സംവിധായകൻ ​

കോവിഡ്​ കൈകാര്യം ചെയ്യുന്നതിൽ കേരളത്തെകുറിച്ച്​ നിലനിൽക്കുന്ന മതിപ്പ്​ തകർന്നുവെന്ന്​ സംവിധായകൻ സനൽകുമാർ ശശിധരൻ. പനി ബാധിച്ച്​ പരിശോധനക്കായി ആശുപത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവം ഫേസ്​ബുക്കിൽ പങ്കുവെച്ചാണ്​ അദ്ദേഹം നിരാശ ​പ്രകടിപ്പിച്ചത്​. ഇതേ അവസ്​ഥയാണെങ്കിൽ വലിയ ദുരന്തമാണ്​ കാത്തിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. 

​ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണരൂപം:

അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയിൽ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ചപ്പോൾ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂർണമായും മാറി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും.

എന്തായാലും ദിശയിൽ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവൽ ഹിസ്റ്ററിയുണ്ടോ എന്ന് അവർ ചോദിച്ചു. എനിക്ക് ഇടക്കൊരു ദിവസം ഓട്ടോറിക്ഷയിൽ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരിൽ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാൽ കുഴപ്പമില്ല. ഇസഞ്ജീവനിയിൽ കയറി ഡോക്ടറെ കാണാൻ പറഞ്ഞു. ഡോക്ടർ വൈറൽ ഫിവറിനുള്ള മരുന്നു തന്നു. ദിശയിൽ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞതായി പറയാനും പറഞ്ഞു. വീണ്ടും ദിശയിൽ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങൾ. ട്രാവൽ ഹിസ്റ്ററി ഇല്ലെങ്കിൽ കോവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഫിവർ ക്ലിനിക്കിൽ പോകാൻ പറഞ്ഞു.

ഞാൻ നേരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അര-മുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാൻ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോൾ അവർ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്.

പത്തേകാൽ ആയപ്പോൾ ഞാൻ എന്റെ ഊഴം എപ്പൊഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടർ നിസഹായതയോടെ പറഞ്ഞു. “7 മണീക്ക് വന്നിട്ടാണോ ചേട്ടാ?“ അപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറഞ്ഞു “ഞാൻ രണ്ടു മണിക്ക് വന്നതാണ്“. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറൽ ഫിവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവർക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓൺലൈൻ രെജിസ്ട്രെഷൻ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം.

ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകൾ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആർസിയിൽ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാൽ അവർ മുടക്കമാണ്. നാളെ ചെല്ലാൻ പറഞ്ഞു.

Full View
Tags:    
News Summary - sanalkumar sasidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.