ശമ്പളവും പെന്‍ഷനും: മലബാറില്‍ സ്ഥിതി മെച്ചപ്പെട്ടില്ല

തൃശൂര്‍: ശമ്പളവും പെന്‍ഷനും വാങ്ങാന്‍ എത്തുന്നവരുടെ തിരക്കില്‍ രണ്ടാം ദിനം ട്രഷറികള്‍ ഞെരുങ്ങി. ട്രഷറി ഇടപാട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക് വേണ്ടത്ര പണം കിട്ടാത്തതാണ് കാരണം. മധ്യകേരളം ഏതാണ്ട് പിടിച്ചുനിന്നപ്പോള്‍ മലബാറില്‍ അവസ്ഥ കാര്യമായി മെച്ചപ്പെട്ടില്ല. തെക്കന്‍ കേരളത്തിലും ശമ്പളം, പെന്‍ഷന്‍ വിതരണം പൂര്‍ണമായും നടന്നില്ല.

ട്രഷറികള്‍ക്ക് രണ്ടാം ദിവസത്തെ വിതരണത്തിന് ആവശ്യപ്പെട്ടതിന്‍െറ പകുതി പണമാണ് കിട്ടിയതെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കേരള ഗ്രാമീണ്‍ ബാങ്ക് പ്രതിനിധികള്‍ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ ധര്‍ണക്കു ശേഷം ബാങ്ക് അധികൃതരുമായി പണക്ഷാമം ചര്‍ച്ച ചെയ്തെങ്കിലും വ്യക്തമായ ഒരു മറുപടിയും ലഭിച്ചില്ല. സ്പോണ്‍സര്‍ ബാങ്കായ കനറ ബാങ്കില്‍നിന്ന് പണം കിട്ടാത്തതാണ് ഗ്രാമീണ്‍ ബാങ്കിനെ വലക്കുന്നത്. കനറയാവട്ടെ, സ്വന്തം ഇടപാടുകാരെ തൃപ്തിപ്പെടുത്താനുള്ള പണംപോലും കിട്ടാത്ത അവസ്ഥയിലാണ്.

മലബാറില്‍ ഉള്‍പ്പെടെ ഏതാണ്ട് എല്ലായിടത്തും ബാങ്കുകളില്‍ ഇന്നലെ പണം എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തനം ഏതാണ്ട് സ്തംഭിച്ച ബാങ്കുകള്‍ ‘റേഷന്‍’ ആയിട്ടാണെങ്കിലും പണം വിതരണം ചെയ്തു. എസ്.ബി.ഐ ട്രഷറി കൈകാര്യം ചെയ്യുന്ന പാലക്കാട് പോലുള്ള ജില്ലകളിലും പിരിമുറക്കത്തില്‍ അയവുണ്ടായി. എന്നാല്‍, സംസ്ഥാനത്ത് കൂടുതല്‍ ട്രഷറി ബ്രാഞ്ച് എസ്.ബി.ടിക്കാണ്. അവര്‍ക്ക് ആവശ്യമുള്ള പണം കിട്ടാത്തതാണ് പ്രശ്നമായത്. സ്വന്തം ഇടപാടുകാരെ പരിഗണിക്കേണ്ടി വന്നപ്പോള്‍ ട്രഷറിയിലേക്ക് നല്‍കുന്ന വിഹിതം പല ബാങ്കുകളും കുറച്ചു. അതിന്‍െറ ഭവിഷ്യത്ത് അനുഭവിച്ചത് ശമ്പളക്കാരും പെന്‍ഷന്‍കാരുമാണ്.

പാലക്കാട് എസ്.ബി.ഐയിലേക്ക് വ്യാഴാഴ്ച രാത്രി റിസര്‍വ് ബാങ്കില്‍നിന്ന് പണം എത്തി. അതില്‍നിന്ന് 15 കോടി വെള്ളിയാഴ്ച തൃശൂര്‍ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ എത്തിക്കുകയും ഏതാനും എ.ടി.എമ്മുകളില്‍ ഉള്‍പ്പെടെ ലോഡ് ചെയ്യുകയുമുണ്ടായി. എന്നാല്‍, ട്രഷറി ഇടപാട് കൈകാര്യം ചെയ്യുന്ന എസ്.ബി.ടിയെ തൃശൂരിലും പണച്ചുരുക്കം വലച്ചു.

കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ ട്രഷറികളില്‍ വ്യാഴാഴ്ച ടോക്കണ്‍ കൈപ്പറ്റിയവരെയാണ് ഇന്നലെ ആദ്യം പരിഗണിച്ചത്. ഇന്നലെ പണം തേടിയത്തെിയ പലര്‍ക്കും ടോക്കണുമായി മടങ്ങേണ്ടി വന്നു. ഈ അവസ്ഥ തൃശൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഉണ്ടായി. ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് പണം നല്‍കുന്നതിന്‍െറ മാനദണ്ഡം വ്യക്തമാക്കണമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കറന്‍സി ചെസ്റ്റ് ഉള്ളവര്‍ക്ക്, അവരുടെ ബിസിനസിന്‍െറ വ്യാപ്തി അനുസരിച്ച് പണം കൊടുക്കുന്നതിന് പകരം അവ്യക്തമായ മറ്റു ചില മാനദണ്ഡം അനുസരിച്ചാണ് പണം അനുവദിക്കുന്നത്. ശമ്പള ദിന തിരക്ക് ബാധിക്കാത്ത പുതുതലമുറ ബാങ്കുകള്‍ ഉള്‍പ്പെടെ ചിലര്‍ക്ക് തടസ്സമില്ലാതെ പണം കിട്ടുന്നുണ്ടെന്നും ബാങ്കിങ് സംഘടനാ വക്താക്കള്‍ പറയുന്നു. ശനിയാഴ്ചയും ട്രഷറികളില്‍ നല്ല തിരക്കിന് സാധ്യതയുണ്ട്.

Tags:    
News Summary - salray and pension crisis in malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.